കൊല്ലം: ഫുഡ് സേഫ്ടി രജിസ്ട്രേഷനും ലൈസൻസുമില്ലാതെ ജില്ലയിൽ പാതയോരത്ത് വ്യാപകമായി ഭക്ഷ്യവസ്തുക്കൾ വിറ്റഴിക്കുന്നവർക്കെതിരെ നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ലോക്ക് ഡൗണിന് ശേഷം ദേശീയപാതയുടെയും പ്രധാന നിരത്തുകളുടെയും വശങ്ങളിൽ സ്വകാര്യ കാറുകളിലും ഓട്ടോറിക്ഷകളിലും ചിപ്സ്, കശുഅണ്ടി പരിപ്പ് തുടങ്ങിയവ വിൽക്കുന്ന സംഘങ്ങൾക്ക് ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനോ ലൈസൻസോ ഇല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
രജിസ്ട്രേഷനില്ലാതെ കച്ചവടം ചെയ്യുന്നത് ആറുമാസം തടവും അഞ്ചുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്ത് വിൽപ്പന നടത്തുമ്പോൾ പായ്ക്കറ്റിന് പുറത്ത് ഉത്പന്നം, നിർമ്മിച്ച തീയതി, കാലാവധി തീരുന്ന തീയതി, ബാച്ച് നമ്പർ, ഉത്പാദകന്റെ പേരും വിലാസവും, വെജ്- നോൺവെജ് അടയാളം, ഉത്പന്നത്തിന്റെയും ചേരുവകളുടെയും പേര്, കസ്റ്റമർ കെയർ നമ്പർ തുടങ്ങിയ വിവരങ്ങൾ ഉണ്ടായിരിക്കണമെന്നാണ് ചട്ടം.
നിയമാനുസൃതമല്ലാത്ത സാധനങ്ങൾ വിറ്റാൽ കച്ചവടക്കാരന് മൂന്നുലക്ഷം രൂപവരെ പിഴ ലഭിക്കാം. വരും ദിവസങ്ങളിൽ പരിശോധനയും നടപടിയും ശക്തമാക്കുമെന്ന് കൊല്ലം ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണർ അറിയിച്ചു.
''
അക്ഷയ സെന്റർ വഴി ഫോട്ടോയും ആധാർ കാർഡ് കോപ്പിയും സഹിതം 100 രൂപ ഓൺലൈനായി അടച്ച് അപേക്ഷിച്ചാൽ ഇ - മെയിൽ വിലാസത്തിലേക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും.
പി.ബി. ദിലീപ്
ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |