പത്തനംതിട്ട :പകൽ തിരഞ്ഞെടുപ്പ് പ്രചരണം. രാത്രി പമ്പിൽ ജോലി. സീതത്തോട് പഞ്ചായത്തിലെ കൊച്ചുകോയിക്കൽ ഏഴാം വാർഡിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി സന്ദീപ് സത്യന് പിടിപ്പത് പണിയുണ്ടിപ്പോൾ. ഇരുപത്തിരണ്ടുകാരനായ സന്ദീപ് പ്ലസ് ടു കഴിഞ്ഞ് മെക്കാനിക്കൽ പഠനത്തിന് ചേർന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠിക്കാൻ കഴിഞ്ഞില്ല. തുടർന്ന് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു. മറ്റൊരു ജോലിക്കായി ഇത് ഉപേക്ഷിച്ച് വന്നപ്പോഴാണ് കൊവിഡ് പ്രതിസന്ധി. പിന്നെ പോകാൻ കഴിഞ്ഞില്ല. അതിനുശേഷമാണ് പമ്പിൽ ജോലി. ഇതിനിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കാമോയെന്ന് പാർട്ടി ചോദിച്ചു. അങ്ങനെയാണ് മത്സര രംഗത്തേക്ക് വന്നത്. സീതത്തോട് പമ്പിൽ വൈകിട്ട് 5 മുതൽ രാത്രി 10 വരെ ആദ്യ ഷിഫ്റ്റ്. രാവിലെ 5 മുതൽ 9.30 വരെ രണ്ടാമത്തെ ഷിഫ്റ്റ്. ഇതിനുശേഷമാണ് പ്രചരണത്തിനെത്തുന്നത്. ഇതിനിടയിൽ പമ്പിൽത്തന്നെ കിടന്നുറങ്ങും. സീതത്തോട് തേക്കുമ്മൂട്ടിലെ ഉരുൾപൊട്ടിയ സ്ഥലത്താണ് താമസിച്ചിരുന്നത്. ഉരുൾപൊട്ടലിലെ നഷ്ടപരിഹാരത്തിന് ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഉരുൾപൊട്ടൽ കഴിഞ്ഞ് ആരും ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും അതിനൊക്കെ മാറ്റം വരുത്തണമെന്നാണ് ആഗ്രഹമെന്നും സന്ദീപ് പറഞ്ഞു.
ആങ്ങമുഴി കല്ലുപുറത്ത് വീട്ടിൽ സത്യന്റെയും ലതയുടേയും മകനാണ് സന്ദീപ്. ഭാര്യ : സരിത. സഹോദരി : സ്വാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |