മൂവാറ്റുപുഴ: പാലാരിവട്ടം ഫ്ളൈഒാവർ അഴിമതിക്കേസിൽ അറസ്റ്റിലായ അഞ്ചാംപ്രതിയും മുൻമന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അന്വേഷണസംഘം ആശുപത്രിയിൽ ചോദ്യംചെയ്യും. ഇബ്രാഹിംകുഞ്ഞിന് ഗുരുതര കാൻസർ രോഗമാണെന്നും ഇപ്പോൾ കഴിയുന്ന എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സ തുടരണമെന്നും വ്യക്തമാക്കി ഇന്നലെ ഡി.എം.ഒ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇബ്രാഹിംകുഞ്ഞിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാനാവുമോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡി.എം.ഒയ്ക്ക് കോടതി നിർദേശം നൽകിയിരുന്നു. മൾട്ടിപ്പിൾ മൈലോമ ബാധിതനായ ഇബ്രാഹിംകുഞ്ഞിന് സ്വകാര്യ ആശുപത്രിയിൽ നൽകിവരുന്ന ചികിത്സ കൊച്ചിൻ കാൻസർ സെന്ററിൽ ലഭ്യമല്ലെന്ന് ഡി.എം.ഒ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ ചോദ്യംചെയ്യാൻ അനുവദിക്കണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടു. കസ്റ്റഡിയിൽ വേണമെന്ന ആവശ്യം ഉപേക്ഷിച്ചാണ് ആശുപത്രിയിൽ ചോദ്യംചെയ്യാൻ വിജിലൻസ് അനുമതി തേടിയത്. ഇതു കോടതി അനുവദിച്ചു.
നാഗേഷിന്റെ ജാമ്യാപേക്ഷ തള്ളി
പാലാരിവട്ടം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റുചെയ്ത ആർക്കിടെക്ട് നാഗേഷിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. ഫ്ളൈഒാവറിന്റെ ഡിസൈൻ തയ്യാറക്കായിത് നാഗേഷിന്റെ നേതൃത്വത്തിലാണ്. കേസിൽ 13 -ാം പ്രതിയായ നാഗേഷിന് ഇൗ ഘട്ടത്തിൽ ജാമ്യം നൽകുന്നതിനെ വിജിലൻസ് എതിർത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |