കൊച്ചി : കടനാട് ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്തു നിന്ന് വൻതോതിൽ പാറയും മണ്ണും കടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടോയെന്ന് അന്വേഷിച്ച് നാലാഴ്‌ചയ്‌ക്കകം റിപ്പോർട്ട് നൽകാൻ വിജിലൻസിന് ഹൈക്കോടതി നിർദ്ദേശം നൽകി. പഞ്ചായത്തു വക സ്ഥലത്തെ അനധികൃത ക്വാറി പ്രവർത്തനത്തിനെതിരെ കോട്ടയം സ്വദേശികളായ ജോസഫ് ബെനഡിക്ട്, ടോം തോമസ് എന്നിവർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം.
ഹർജി ഡിസംബർ 18ന് വീണ്ടും പരിഗണിക്കും. പഞ്ചായത്തു വക സ്ഥലത്തു നിന്ന് വൻതോതിൽ പാറയും മണ്ണും കടത്തിയ സംഭവത്തെക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ വർഷം ആഗസ്റ്റ് 30ന് ജില്ലാ ജിയോളജിസ്റ്റിന് പരാതി നൽകിയിരുന്നു. തദ്ദേശ ഭരണ വകുപ്പ് അസി.എൻജിനീയറും ഇതേക്കുറിച്ച് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് നടപടി ഉണ്ടായില്ലെന്ന ഹർജിക്കാരുടെ പരാതിയിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയെ ഹൈക്കോടതി കക്ഷി ചേർത്തു.
ഒക്ടോബർ 23ന് ഇനിയും തിരിച്ചറിയാത്ത പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. അനധികൃത ക്വാറി പ്രവർത്തനങ്ങൾ നടത്തിയവർ സ്വതന്ത്രമായി ചുറ്റിക്കറങ്ങുന്നു. ഉദ്യോഗസ്ഥരടക്കമുള്ള പൊതുസേവകരുടെ പിന്തുണയും സഹായവുമില്ലാതെ അനധികൃത ക്വാറി പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ല. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |