ചെങ്ങന്നൂർ: അപകടത്തിൽപ്പെട്ട കാറിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പിടിയിലായവരെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. ഈ മാസം 14നാണ് അടൂർ പഴകുളം സ്വദേശികളായ പൊൻമന കിഴക്കേതിൽ ഷൈജു (ലൈജു 25), ഫൈസൽ (19) തിരുവനന്തപുരം നെടുമങ്ങാട് പറമ്പുവാരത്ത് വീട്ടിൽ മഹേഷ് (36) എന്നിവരെ അറസ്റ്റുചെയ്തത്. ഷൈജു പത്തനംതിട്ട, നൂറനാട്, അടൂർ എന്നീ സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ്.തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കാർ മുളക്കുഴ പള്ളിപ്പടിക്ക് സമീപമാണ് മറിഞ്ഞത്. നാട്ടുകാർ യുവാക്കളെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയപ്പോഴാണ് ഉള്ളിലെ പൊതികൾ ശ്രദ്ധിച്ചത്. നിസാര പരിക്കേറ്റ ഇവരെ ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കവെ യുവാക്കൾ പൊതികൾ എടുക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. ചെങ്ങന്നൂർ സിഐ ജോസ് മാത്യു, എസ്‌ഐ എസ്.വി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. വാഹനത്തിൽ നിന്ന് എട്ടുലക്ഷം രൂപ വിലവരുന്ന എട്ട് കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്.
റിമാൻഡിലായിരുന്ന പ്രതികളെ ഇന്നലെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പിനെത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |