കോഴിക്കോട് : ലോക്‌സഭ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ജില്ലയിൽ നില മെച്ചപ്പെടുത്താനാകുമോയെന്ന ആശങ്ക മറികടക്കുകയാണ് യു.ഡി.എഫിന്റെ വെൽഫെയർ പാർട്ടി ചങ്ങാത്തത്തിന് പിന്നിലെ ലക്ഷ്യം. പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ചാണ് വിജയ സാധ്യത പരിഗണിച്ചുള്ള സഹകരണം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുള്ള എൽ.ഡി.എഫ് സഹകരണം ചൂണ്ടിക്കാണിച്ചാണ് സഖ്യത്തെ യു.ഡി.എഫ് ന്യായീകരിക്കുന്നത്. മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും വേളം, വാണിമേൽ, നടുവണ്ണൂർ, തുറയൂർ, കൊടുവള്ളി, പുതുപ്പാടി, പെരുവയൽ, കോടഞ്ചേരി, കാരശ്ശേരി എന്നിവിടങ്ങളിലുമാണ് യു.ഡി.എഫ് വെൽഫെയർ പാർട്ടിയിൽ നിന്ന് വോട്ട് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ മറ്റിടങ്ങളിലും നീക്കുപോക്കുണ്ട്.
ധാരണ പ്രകാരം നിർത്തുന്ന സ്ഥാനാർത്ഥികൾക്കെതിരെ കോൺഗ്രസിലും മുസ്ലിം ലീഗിലും പ്രതിഷേധമുണ്ട്. പലയിടങ്ങളിലും പ്രാദേശിക നേതാക്കൾ വിമതരായി മത്സര രംഗത്തെത്തിയതും ഇക്കാരണത്താലാണ്. മുക്കത്ത് ജനകീയ മുന്നണി രൂപീകരിച്ചാണ് മത്സരം. നീക്കുപോക്ക് ജില്ലയിലാകെ ഗുണകരമാകുമെന്നാണ് യു.ഡി.എഫിലെ ഒരു വിഭാഗത്തിന്റെ കണക്കുകൂട്ടൽ. മുസ്ലിം വോട്ട് ബാങ്കിന്റെ ഏകീകരണമാണ് ലക്ഷ്യം.
എന്നാൽ ഇതിനെതിരെ യു.ഡി.എഫിനോട് അനുഭാവമുള്ള മുസ്ലിം സംഘടനകളുടെ എതിർപ്പ് അവസാനിപ്പിച്ചിട്ടില്ല. ഇ.കെ. സമസ്തയും മുജാഹിദ് വിഭാഗങ്ങളും സഖ്യത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇത് തിരിച്ചടിയാകുമോ എന്ന ആശങ്കയും യു.ഡി.എഫിനുണ്ട്. കഴിഞ്ഞ തവണ കോഴിക്കോട് കോർപ്പറേഷനിലെ മുസ്ലിം ലീഗ് കോട്ടകളിൽ ഇടതുപക്ഷം വലിയ കുതിപ്പാണ് നടത്തിയിരുന്നത്. 2010ലെ തിരഞ്ഞെടുപ്പിൽ 13 സീറ്റ് ഉണ്ടായിരുന്ന ലീഗ് 2015ൽ ഏഴിലേക്ക് ചുരുങ്ങി. ന്യൂനപക്ഷങ്ങൾ സി.പി.എമ്മിനെ വിശ്വാസത്തിലെടുത്തതാണ് സ്ഥിരം ജയിക്കുന്ന വാർഡുകളിൽ പോലും ലീഗിന് അടിതെറ്റാൻ കാരണം. ഈ സാഹചര്യത്തിൽ എക്കാലത്തും ഒപ്പമുണ്ടായിരുന്ന സംഘടനകളുടെ എതിർപ്പ് യു.ഡി.എഫിനെ അലട്ടുന്നുണ്ട്. പ്രബല വിഭാഗമായ എ.പി സുന്നികൾ ഇടതുപക്ഷത്തിനൊപ്പമാണ്. ബി.ജെ.പി കോർപ്പറേഷനിൽ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തിരിച്ചടിയായത് കോൺഗ്രസിനാണ്. കോൺഗ്രസിന്റെ മൂന്ന് സീറ്റുകൾ പിടിച്ച ബി.ജെ.പി കോൺഗ്രസിനെ പലയിത്തും മൂന്നാം സ്ഥാനത്തേക്ക് തള്ളുകയും ചെയ്തു. വെൽഫെയർപാർട്ടി ബന്ധം സജീവ ചർച്ചയാകുന്നത് ബി.ജെ.പിയ്ക്ക് തുണയാകുമോയെന്ന ആശങ്കയും കോൺഗ്രസിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |