കൊച്ചി: ഹോട്ടലുകൾക്ക് നക്ഷത്ര പദവി അനുവദിക്കാൻ കോടികൾ കോഴ വാങ്ങുന്ന സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര ടൂറിസം വകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സി.ബി. ഐ പിടികൂടി.കേരളത്തിലെ ചുമതലയുള്ള ടൂറിസം ഡയറക്ടർ സഞ്ജയ് വാട്ട്സ്, അസിസ്റ്റന്റ് ഡയറക്ടർ എസ്. രാമകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് അഞ്ചു ലക്ഷം ഉൾപ്പെടെ 55 ലക്ഷം രൂപ പിടിച്ചെടുത്തു. സ്റ്റാർ പദവിക്കായി ഹോട്ടലുകൾ പരിശോധിക്കുന്ന ചുമതല ഇരുവർക്കുമാണ്.
ഹോട്ടലുകൾ നക്ഷത്ര പദവി ഉപയോഗിച്ചാണ് ബാർ ലൈസൻസ് സമ്പാദിക്കുന്നത്. നക്ഷത്രപദവി ലഭിക്കാൻ വൻതുക ഇന്ത്യാ ടൂറിസം ഉദ്യോഗസ്ഥർക്ക് നൽകുന്നത് സ്ഥിരീകരിച്ചാണ് സി.ബി.ഐ മധുര യൂണിറ്റിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.
കേരളത്തിൽ കൊച്ചിയിലും കൊല്ലത്തുമായിരുന്നു റെയ്ഡ്.
കൊച്ചി ഓഫീസിൽ ബുധനാഴ്ച നടത്തിയ റെയ്ഡിൽ പണവും രേഖകളും പിടിച്ചെടുത്തു. കോഴ നൽകിയെന്ന് സംശയിക്കുന്ന കൊല്ലത്തെ ഹോട്ടലിലും റെയ്ഡ് നടത്തി രേഖകൾ പിടിച്ചു. കൊച്ചിയിൽ വില്ലിംഗ്ടൺ ഐലൻഡിലെ കേന്ദ്ര ടൂറിസം വകുപ്പിന്റെ ഓഫീസിന്റെ ഉൾപ്പെടെ ചുമതല ചെന്നൈയിലെ റീജണൽ ഓഫീസിനാണ്. അവിടെ നിന്നെത്തിയ സഞ്ജയ്
മടങ്ങാൻ കൊച്ചി വിമാനത്താവളത്തിലേക്ക് കാറിൽ പോകുമ്പോഴാണ്
പിടിയിലായത്.ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കോഴയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇടനിലക്കാരുടെ വിളികളുടെയും സന്ദേശങ്ങളുടെയും തെളിവുകളും ലഭിച്ചു. എസ്. രാമകൃഷ്ണനെ പഴനിയിൽ നിന്നാണ് പിടികൂടിയത്.
കോഴപ്പണം ഭാര്യമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് സ്വീകരിച്ചിരുന്നത്. ഇരുവർക്കും തമിഴ്നാട്ടിൽ അനധികൃത സമ്പാദ്യമുണ്ടെന്നും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവരുടെ വീടുകളിലും റെയ്ഡ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |