തൃശൂർ: ഡീഗോ മറഡോണയുടെ കൈയ്യൊപ്പ് പതിഞ്ഞ ഒരു ഫുട്‌ബോൾ ഇവിടെയുണ്ട്, കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂളിന്റെ അമൂല്യനിധിയായി. 2013ൽ മറഡോണ കണ്ണൂരിലേക്ക് വന്നപ്പോൾ സമ്മാനിച്ചതാണ് ഈ ഫുട്ബാൾ. കാൽഡിയൻ സ്‌കൂളിന്റെ പൂർവ വിദ്യാർത്ഥിയും പ്രമുഖ വ്യവസായിയുമായ ബോബി ചെമ്മണ്ണൂരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. അബി പോളിന്റെ നേതൃത്വത്തിൽ ഒരു സംഘം സ്റ്റാഫംഗങ്ങൾ കണ്ണൂർക്ക് പോയത്. അവിടെ വച്ച് അദ്ദേഹത്തെ നേരിൽ കണ്ടു. താമസിച്ചിരുന്ന മുറിയിൽ ചെന്ന് പ്രിൻസിപ്പലിനെയും സ്റ്റാഫ് അംഗങ്ങളെയും ബോബി അദ്ദേഹത്തിന് പരിചയപ്പെടുത്തി.
ബോബിയുടെ നിർബന്ധത്തിനു വഴങ്ങി അവിടെവെച്ച് തന്നെ രണ്ട് ഫുട്‌ബോളുകളിൽ അദ്ദേഹം കൈയ്യൊപ്പ് നൽകി. ഒന്നു സ്‌കൂളിൽ സൂക്ഷിക്കാനും മറ്റൊന്ന് മറഡോണ ആരാധകനായ അബി മാഷിനും. അടുത്ത പ്രാവശ്യം ഇന്ത്യയിൽ വരുമ്പോൾ ബോബിയുടെ മാതൃവിദ്യാലയത്തിൽ വരാമെന്ന് സ്പാനിഷ് ഭാഷയിൽ ഉറപ്പും നൽകി. രണ്ടാഴ്ചയ്ക്കുശേഷം ബോബി ചെമ്മണ്ണൂർ സ്‌കൂൾ അസംബ്ലിയിലെത്തി, മറഡോണ കൈയ്യൊപ്പ് ചാർത്തിയ അമൂല്യമായ ഫുട്ബാൾ സ്‌കൂൾ രക്ഷധികാരിയായ അപ്രേം തിരുമേനിക്കു കൈമാറി. പ്രിൻസിപ്പലിന്റെ മുറിയിൽ, മറഡോണ കോർണർ എന്ന പേരിൽ, ഒരു പ്രത്യേക ഷോക്കേസിൽ ഭദ്രമായി ഇരിക്കുന്നുണ്ട് ആ പന്ത്. മറഡോണയുടെ ജന്മദിനമായ ഒക്ടോബർ 30ന് വിപുലമായ ചടങ്ങുകളും സ്‌കൂളിൽ നടത്താറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |