മുംബയ്: മഹാരാഷ്‌ട്രയിലെ മഹാ വികാസ് അഖാഡി സർക്കാർ ഒരു വർഷം പൂർത്തിയാക്കിയ ശേഷം മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ബിജെപിക്കെതിരെ പോർമുഖം തുറന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സംസ്ഥാനത്ത് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതാണ് നടക്കുന്നതെന്ന് ഉദ്ദവ് താക്കറെ ആരോപിച്ചു.
'ഞാൻ നിശബ്‌ദനായി ക്ഷമയോടെ ഇരിക്കുകയാണ്. അതിനർത്ഥം എനിക്ക് കഴിവില്ലെന്നല്ല. എന്റെ കുടുംബത്തെ പോലും ആക്രമിക്കുകയാണ്. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം.' താക്കറെ സൂചിപ്പിച്ചു. 'ഇത് കടുവകളുടെ നാടാണ്. മറാത്ത കടുവകൾ. ഏത് ആക്രമത്തിനുമെതിരെ ഞങ്ങളുടെ പക്കൽ സുദർശന ചക്രമുണ്ട്. പ്രതികാരം ചെയ്യാൻ ഞങ്ങളെ നിർബന്ധിക്കരുത്.' ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകി.
'ഛത്രപതി ശിവജി മഹാരാജാവിൽ നിന്നാണ് ഞങ്ങൾ ഊർജ്ജം ഉൾക്കൊളളുന്നത്. ഇത്തരം സന്ദർഭങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.' താക്കറെ പറഞ്ഞു. ഇ.ഡിയുടെയോ സി.ബി.ഐയുടെയോ ഭീഷണിക്കു മുൻപിൽ രാജിവയ്‌ക്കില്ലെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ബിജെപി രാഷ്‌ട്രീയം കളിക്കുന്നെന്ന് ഉദ്ദവ് കുറ്രപ്പെടുത്തി. എന്നാൽ കങ്കണയുമായി ബന്ധപ്പെട്ട കോടതി പരാമർശങ്ങളെ കുറിച്ച് സംസാരിക്കാൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി തയ്യാറായില്ല. കങ്കണയുടെ വാക്കുകൾ മുംബയിലെ ജനങ്ങൾക്ക് നേരെയുളള അധിക്ഷേപമാണ്. ബിജെപിയുടെയും സംസ്ഥാന ഗവർണറുടെയും ആരോപണങ്ങൾ ഒരുപോലെയാണ് തോന്നുന്നതെന്നും ഉദ്ദവ് താക്കറെ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |