ന്യൂഡൽഹി: സത്യത്തിന് വേണ്ടിയുള്ള കർഷകരുടെ സമരം ലോകത്തെ ഒരു സർക്കാരിനും തടയാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർഷകരുടെ സമരം തുടക്കം മാത്രമാണെന്നും പ്രക്ഷോഭത്തെ തുടർന്ന് മോദി സർക്കാരിന് കരിനിയമം റദ്ദാക്കേണ്ടി വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ കർഷക പ്രതിഷേധങ്ങൾ രാജ്യത്ത് അലയടിക്കുന്നതിനിടെയാണ് മോദിക്കെതിരായ രാഹുൽ ഗാന്ധിയുടെ വിമർശനം.
"സത്യം എക്കാലവും അഹങ്കാരത്തെ തോല്‍പിക്കുമെന്ന് മോദി മനസിലാക്കണം.ലോകത്തെ ഒരു സർക്കാരിനും സത്യത്തിന് വേണ്ടിയുള്ള കർഷകരുടെ സമരം തടയാനാകില്ല. മോദി സര്‍ക്കാർ കര്‍ഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് കരിനിയമങ്ങള്‍ പിൻവലിക്കണം. ഇതൊരു തുടക്കം മാത്രമാണ്." രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.
കാർഷിക ബില്ലിനെതിരെ ഡൽഹി ചലോ പ്രതിഷേധ മാർച്ചുമായി വന്ന കർഷകരെ ഹരിയാനയിൽ വച്ച് പൊലീസ് തടഞ്ഞിരുന്നു. സമരക്കാരെ ഡൽഹിയിലേക്ക് കടത്തിവിടില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ പാെലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു. തുടർന്ന് പ്രകോപിതരായ കർഷകർ പൊലീസിന് നേരെ കല്ലെറിഞ്ഞതാണ് സംഘർഷങ്ങൾക്ക് കാരണമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |