കോന്നി: ഭരണം പിടിച്ചെടുക്കാൻ സഹോദരിമാരുടെ പോരാട്ടം. ഐരവൺ രമേശ് ഭവനത്തിൽ വിമുക്തഭടൻ എം.കെ.കൃഷ്ണപിള്ളയുടെ മക്കളായ പുഷ്പലതയും കെ.എൽ.സുലേഖയുമാണ് രണ്ട് പഞ്ചായത്തുകളിൽ മത്സരിക്കുന്നത്. അരുവാപ്പുലംപഞ്ചായത്ത് 14ാം വാർഡിൽ സി.പി.എം സ്ഥാനാർത്ഥിയാണ് പുഷ്പലത . അനുജത്തി സുലേഖ കോന്നി ഗ്രാമപഞ്ചായത്ത് അടുകാട് ഏഴാം വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയും.
സുലേഖയുടേത് കന്നിയങ്കമാണ് . യു.ഡി.എഫിലെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ സുജ ഈപ്പനും, സി.പി.എം സ്വതന്ത്ര പുഷ്പ ഉത്തമനുമാണ് പ്രധാന എതിരാളികൾ. യു.ഡി.എഫിന് ഇവിടെ റിബൽ സ്ഥാനാർത്ഥിയുമുണ്ട്.
പുഷ്പലത നിലവിൽ പഞ്ചായത്ത് അംഗമാണ്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വനിതാ സംവരണമായിരുന്ന വാർഡിൽ യു.ഡി.എഫിലെ ശ്രീകുമാരിയെ 117 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് യു.ഡി.എഫിന്റെ കുത്തക വാർഡ് പിടിച്ചെടുത്തത്. ഇത്തവണ വാർഡ് ജനറൽ ആയിട്ടും സീറ്റ് നിലനിറുത്താൻ പുഷ്പലതയെത്തന്നെയാണ് സി.പി.എം രംഗത്തിറക്കിയത്. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.ശ്രീകുമാറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി, ബി.ജെ.പി സ്ഥാനാർത്ഥിയായി കെ.ശശിധരനും മത്സരിക്കുന്നു.. ഐരവൺ ജൈത്രത്തിൽ മോഹൻദാസിന്റെ ഭാര്യയാണ് പുഷ്പലത. ബി.ജെ.പി പ്രാദേശിക നേതാവ് കൊന്നപ്പാറ മുക്കന്നൂർ ആർ.അജിത്കുമാറിന്റെ ഭാര്യയാണ് സുലേഖ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |