ന്യൂഡൽഹി: ബീഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി രാജ്യസഭാംഗമാവും. ലോക്ജൻ ശക്തി പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന രാംവിലാസ് പാസ്വാൻ അന്തരിച്ചതിലൂടെ ഒഴിവു വന്ന സീറ്റിലാണ് മത്സരം. ഡിസംബർ 14നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്.
ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായി അടുപ്പമുള്ള സുശീൽ കുമാർ മോദി ബി.ജെ.പിയുടെ അവസരങ്ങൾ ഇല്ലാതാക്കുന്നുവെന്ന ആരോപണം നേരിട്ടിരുന്നു. തുടർന്നാണ് അദ്ദേഹത്തിന് ബി.ജെ.പി ഏറ്റവും വലിയ കക്ഷിയായിട്ടും മന്ത്രിസ്ഥാനം നൽകാതിരുന്നത്. മന്ത്രിസഭയിൽ നിന്ന് മാറ്റി നിറുത്തി ദേശീയ രംഗത്തേക്ക് കൊണ്ടുവരുമെന്ന് സൂചനയുണ്ടായിരുന്നു. രാജ്യസഭാംഗമാക്കി കേന്ദ്രമന്ത്രിസ്ഥാനവും നൽകുമെന്നറിയുന്നു. 2004ൽ ബീഹാറിലെ ഭഗൽപൂരിൽ നിന്ന് ലോക്സഭാംഗമായിരുന്നു.
ഇപ്പോൾ ഒഴിവു വന്ന സീറ്റ് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവി ശങ്കർ പ്രസാദിന്റേതായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെ അദ്ദേഹം രാജ്യസഭാംഗത്വം രാജിവയ്ക്കുകയും രാംവിലാസ് പാസ്വാന് ബി.ജെ.പി സീറ്റ് നൽകുകയുമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ആ സീറ്റ് നൽകണമെന്ന് എൽ.ജെ.പി ആവശ്യപ്പെട്ടെങ്കിലും സുശീൽ കുമാർ മോഡിക്കുവേണ്ടി സീറ്റ് ബി.ജെ.പി തിരിച്ചെടുക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |