കോട്ടയം: വഴിയരികിലും വീട്ടു മുറ്റത്തുമായി പാർക്ക് ചെയ്തിരുന്ന ആറു വാഹനങ്ങൾ സാമൂഹ്യവിരുദ്ധർ എറിഞ്ഞു തകർത്തു. നഗരസഭയുടെ പടിഞ്ഞാറൻ പ്രദേശമായ വേളൂർ ചുങ്കത്തുമുപ്പതിലും പതിനഞ്ചിൽകടവ് സ്വരമുക്കിലും പാർക്ക് ചെയ്തിരുന്ന ആറു വാഹനങ്ങളാണ് അടിച്ചുതകർത്തത്. ഇന്നലെ പുലർച്ചെയാണു സംഭവം.
കൊടുരാറിന് അക്കരെയുള്ള വീടുകളിൽ താമസിക്കുന്നവർ വാഹനങ്ങൾ ഇക്കരെയാണ് പാർക്ക് ചെയ്യുന്നത്. ഇത്തരത്തിൽ പാർക്ക് ചെയ്തിരുന്ന രണ്ടു കാർ, രണ്ട് ഓട്ടോ, രണ്ട് ഗുഡ്‌സ് ഓട്ടോ എന്നിവയാണ് തകർക്കപ്പെട്ടത്. എല്ലാ വാഹനങ്ങളുടെയും മുൻ ചില്ലുകൾ ആയുധം ഉപയോഗിച്ചു തല്ലിത്തകർത്ത നിലയിലാണ്. ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവമെന്നു കരുതുന്നു. അതിനു മുമ്പു ഇതുവഴി കടന്നുപോയവരാരും വാഹനം തകർത്തത് കണ്ടിരുന്നില്ല. വെസ്റ്റ് പോലീസിൽ വാഹന ഉടമകൾ പരാതി നൽകി. കഞ്ചാവു മാഫിയയ്ക്കു സംഭവുമായി ബന്ധമുണ്ടെന്ന് നാട്ടുകാർ സംശയിക്കുന്നു. പ്രദേശത്തു മുമ്പും കഞ്ചാവ് മാഫിയയുടെ ശല്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |