പത്തനംതിട്ട: സൗന്ദര്യം തിരഞ്ഞെടുപ്പിൽ ഒരു ഘടകമേയല്ലെന്ന് പുതുമുഖ സ്ഥാനാർത്ഥികൾ. വികസനത്തിന് ആവശ്യമായ ഐഡിയ ആണ് പ്രധാനം. സൗന്ദര്യം മുഖത്തല്ല, ഉള്ളിലാണ് ഉണ്ടാകേണ്ടതെന്നാണ് വനിതാ അംഗങ്ങളുടെ അഭിപ്രായം. എന്നാൽ, സൗന്ദര്യവും ഒരു ഘടകമാണെന്ന് പുരുഷൻമാരായ യുവസ്ഥാനാർത്ഥികൾ പറഞ്ഞു. നവാഗതരായ യുവസ്ഥാനാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് പത്തനംതിട്ട പ്രസ്സ് സംഘടിപ്പിച്ച തദ്ദേശം 2020 തിരഞ്ഞെടുപ്പ് സംവാദത്തിലാണ് സൗന്ദര്യം തിരഞ്ഞെടുപ്പിലെ ഒരു ഘടകമായി കടന്നുവന്നത്.
കാഴ്ചപ്പാട്
സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിലാണ് രാജ്യത്തിന്റെ ഭാവിയെന്നായിരുന്നു ചർച്ച തുടങ്ങിവെച്ച മല്ലപ്പള്ളി ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വിബിത ബാബുവിന്റെ അഭിപ്രായം. ഇവർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ നിയമം പൂർണ്ണമായ തോതിൽ നടപ്പാകുന്നില്ല. അതിക്രമങ്ങൾക്കെതിരെ ശക്തമായി പൊരുതുമെന്നും അവർ പറഞ്ഞു.
ഒരു ജനപ്രതിനിധി സമൂഹത്തിന്റെ ഭാഗമായി മാറണമെന്നായിരുന്നു ഇതിനെകുറിച്ച് പള്ളിക്കൽ ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി ശ്രീനാദേവികുഞ്ഞമ്മക്ക് പറയാനുണ്ടായിരുന്നത്. അവർക്ക് സിമ്പതിയും എമ്പതിയും ഉണ്ടാകണം. അനുഭവിക്കാത്ത കാര്യങ്ങൾ ഉള്ളിൽ മനസ്സിലാക്കി പ്രതികരിക്കാൻ കഴിയണം.
സാമൂഹിക സേവനം ജനസേവനമായി കാണാനാണ് ഇഷ്ടമെന്നായിരുന്നു കൊടുമൺ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.അശ്വതി സുധാകറിന്റെ നിലപാട്. നിയമ പഠനം അതിനായി വിനിയോഗിക്കും.
യുവജനങ്ങളിലാണ് നാടിന്റെ പ്രതീക്ഷ. അവരുടെ ഊർജ്ജസ്വലത വിവിധ മേഖലകളിൽ ഗുണം ചെയ്യുമെന്ന് നാറാണംമൂഴി പഞ്ചായത്തിലെ ഇടമുറി വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ .സാംജി ഇടമുറി പറഞ്ഞു.
സാമൂഹ്യ മാറ്റങ്ങൾക്ക് യുവതയുടെ കരുത്ത് പ്രയോജനം ചെയ്യുമെന്നായിരുന്നു ഇലന്തൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി വിമൽ എം വിജയൻ പറഞ്ഞു.
ജീവിത ചുറ്റുപാടുകൾ തിരിച്ചറിയണം. പ്രതിഫലം നോക്കാതെ നന്മ ചെയ്യുവാൻ കഴിയണമെന്ന് പത്തനംതിട്ട നഗരസഭ 19ാം വാർഡ് സ്ഥാനാർത്ഥി രാജിത് കുമാർ കെ പറഞ്ഞു.
വികസനം
പള്ളിക്കൽ ഡിവിഷനിൽ മുൻ അംഗത്തിന്റെ വികസന പ്രവർത്തനങ്ങൾ തുടരണമെന്ന് ശ്രീനാദേവി കുഞ്ഞമ്മ വികസന കാര്യത്തിലെ തന്റെ അഭിപ്രായം വ്യക്തമാക്കി. കൃഷിക്ക് പ്രാധാന്യം ഉള്ള സ്ഥലമെന്ന നിലക്ക് കാർഷിക മേഖലയിൽ ശ്രദ്ധിക്കും. കൂടുതൽ വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കും.
ഒരു ജനപ്രതിനിധി തന്റെ ഉത്തരവാദിത്വങ്ങൾ പൂർണ്ണമായി മനസ്സിലാക്കി പ്രവർത്തിക്കുകയാണെങ്കിൽ വികസനം ഒപ്പമെത്തുമെന്നായിരുന്നു വിബിതയുടെ മറുപടി.
വികസന പ്രവർത്തനങ്ങൾ അഴിമതിയിൽപെട്ടാതെ നടപ്പാക്കണമെന്നായിരുന്നു അഡ്വ. അശ്വതി സുധാറിന്റെ നയം.
വെള്ളം, വെളിച്ചം, വഴി എന്നിവക്കായിരിക്കും മുഖ്യ പരിഗണനയെന്ന് അഡ്വ. സാംജി ഇടമുറി പറഞ്ഞു.
വികസന പ്രവർത്തനങ്ങൾ ജനകീയമായി നടത്തണമെന്നായിരുന്നു വിമൽ എം വിജയന്റെ നിർദ്ദേശം.
വികസനത്തിൽ നാടിനോടും ജനങ്ങളോടും പ്രതിബദ്ധത ഉണ്ടാകണമെന്ന് രാജിത് കുമാർ പ്രതികരിച്ചു.
സാമൂഹ്യ മാദ്ധ്യമങ്ങൾ സ്വാധീനിക്കും
സാമൂഹ്യ മാദ്ധ്യമങ്ങളുടെ സ്വാധീനം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറെ സഹായിക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലായിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശക്തമായ സാഹചര്യത്തിൽ പോസ്റ്റർ, ഫ്‌ളക്‌സ് എന്നിവയുടെ എണ്ണം കുറക്കാവുന്നതാണെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികളുണ്ടാകണമെന്ന് അഡ്വ.വിബിത ബാബു ഇത് സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ബിജു കുര്യൻ സ്വാഗതവും എക്‌സിക്യുട്ടീവ് അംഗം എ.ബിജു നന്ദിയും പറഞ്ഞു. അലീന മരിയം അഗസ്റ്റിൻ മോഡറേറ്ററായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |