കൊല്ലം: മദ്ധ്യവയസ്‌കനെ കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ നിന്ന് ജാമ്യമെടുത്ത് ഒളിവിൽ പോയ പ്രതിയെ 14 വർഷത്തിന് ശേഷം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മയ്യനാട് ആലുംമൂട് ടിസാരി മൻസിലിൽ നസീറാണ് (43) പിടിയിലായത്. 2006 നവംബറിൽ തഴുത്തല തുണ്ടിൽ വീട്ടിൽ ബാലകൃഷ്ണപിള്ളയെ (45) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കൊലപാതകത്തിന് ശേഷം അറസ്റ്റിലായ നസീർ കോടതിയിൽ നിന്ന് ജാമ്യം നേടിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പിടികൂടിയത് പ്രത്യേക അന്വേഷണ സംഘം
ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശം അനുസരിച്ച് കൊട്ടിയം പ്രിൻസിപ്പൽ എസ്.ഐ സുജിത് ജി. നായരുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം വീടിന് സമീപത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ നിന്ന് ജാമ്യമെടുത്ത് ഒളിവിൽ കഴിഞ്ഞ നസീർ വിദേശത്തേക്ക് കടന്നിരുന്നു. ഏറെ നാൾ വിദേശത്ത് കഴിഞ്ഞ ശേഷം നാട്ടിലും വിവിധ ഭാഗങ്ങളിലുമായി മാറിമാറി താമസിക്കുകയായിരുന്നു. വീടിന് സമീപത്ത് എത്തിയെന്ന വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. പ്രതിയെ കൊല്ലം സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |