തിരുവനന്തപുരം: എതിർ ടീമിന്റെ പോസ്റ്രുകളിൽ ഗോൾ പെരുമഴ തീർത്ത അക്ഷയ്‌ക്കിത് രാഷ്ട്രീയത്തിലെ കന്നിമത്സരം. ഹാൻഡ് ബാൾ താരമായ അക്ഷയ 2018ൽ കേരള ടീമിലും അതിനു മുമ്പ് കേരള യൂണിവേഴ്സിറ്റി ടീമിലും അംഗമായിരുന്നു. കഴിഞ്ഞ തവണ നഷ്ടമായ തിരുവനന്തപുരം നഗരസഭയിലെ മേലാങ്കോട് വാർഡ് തിരിച്ചു പിടിക്കാനാണ് എൽ.ഡി.എഫിനായി അക്ഷയ കളത്തിലിറങ്ങുന്നത്. സ്വന്തം ടീമിനായി ഗോളടിച്ചു കൂട്ടിയതോടെ ഓരോ വോട്ടും നേടി വിജയകിരീടമുറപ്പിക്കണം, അതാണ് ലക്ഷ്യം. കഴിഞ്ഞ തവണ ബി.ജെ.പി വിജയിച്ച വാർഡാണ് മേലാങ്കോട്.
വാർഡിന്റെ സമഗ്ര വികസനത്തോടൊപ്പം കായിക താരങ്ങളെ കൂടി വാർത്തെടുക്കാനുള്ള പദ്ധതികൾ കൂടി വോട്ടർമാർക്കു മുന്നിൽ അവതരിപ്പിച്ചാണ് അക്ഷയയുടെ പ്രചാരണം. നീന്തൽതാരങ്ങളായ നിരവധി പേർ സർക്കാർ ജോലി നേടിയിട്ടുള്ള പ്രദേശത്ത് മികച്ച രണ്ട് നീന്തൽകുളങ്ങൾ, കായിക പരിശീലന കേന്ദ്രങ്ങൾ, കായികതാരങ്ങളെ വാർത്തെടുക്കുന്നതിനുള്ള പദ്ധതികളുമെല്ലാം നടപ്പാക്കാൻ കൂടിയാണ് വോട്ടു ചോദിക്കുന്നത്. ഒപ്പം 'വിവേചനമില്ലാത്ത വികസനം" എന്ന മുദ്രാവാക്യവും മുന്നോട്ടു വയ്ക്കുന്നു.
ആറാം ക്ലാസ് മുതലാണ് അക്ഷയ ഹാൻഡ് ബാൾ പരിശീലനം നേടിയത്. സാജു, ജയസിംഹൻ, സജിത് തുടങ്ങിയവരുടെ കീഴിലായിരുന്നു പരിശീലനം. 2016ൽ നെറ്റ്ബോൾ കേരള ജൂനിയർ ടീമിലും അംഗമായിരുന്നു. കഴിഞ്ഞ ജനുവരി 22ന് വാഹനാപകടത്തിൽപ്പെട്ട് ഇടതുകാലിന് പരിക്കേറ്റു. ശസ്ത്രക്രിയ കഴിഞ്ഞ് തുടർചികിത്സിയിലിരിക്കെയാണ് മത്സരരംഗത്തിറങ്ങിയത്.
പാപ്പനംകോട് 'പ്രശാന്തി"യിൽ വിജയകുമാറിന്റെയും സുധയുടെയും മകളായ അക്ഷയ ഇപ്പോൾ ഡി.വൈ.എഫ്.ഐ നേമം ഏരിയാകമ്മിറ്റി കമ്മിറ്റി ട്രഷററാണ്. മേലാങ്കോട് വാർഡിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. വാർഡ് നിലനിറുത്തനായി എൻ.ഡി.എയുടെ എസ്.കെ. ശ്രീദേവിയും നേടിയെടുക്കാൻ യു.ഡി.എഫിന്റെ സുമി കൃഷ്ണയും രംഗത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |