ആലുവ: ആലുവ നഗരസഭയിലെ തിരഞ്ഞെടുപ്പ് ചിത്രത്തിൽ ഇക്കുറി രണ്ട് ബാസ്‌കറ്റ് ബാൾ താരങ്ങളുണ്ട്. സംസ്ഥാന ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളവർ, അര നൂറ്റാണ്ട് പിന്നിട്ട ബാസ്‌കറ്റ് ബാൾ ക്ളബിന്റെ അമരക്കാർ ജെയിസൺ പീറ്റർ മേലേത്തും സെബി വി. ബാസ്റ്റ്യനും.
16 -ാം വാർഡിൽ മത്സരിക്കുന്ന ജെയിസൺ പീറ്റർ കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. ഒമ്പതാം വാർഡിൽ മത്സരിക്കുന്ന സെബി വി. ബാസ്റ്റ്യൻ കോൺഗ്രസ് റിബലും. ജെയിസൺ ആലുവ കാർമ്മൽ ബാസ്കറ്റ് ബാൾ ക്ളബ് മുൻ പ്രസിഡന്റും സെബി നിലവിൽ സെക്രട്ടറിയുമാണ്.
ജെയിസൺ പീറ്റർ മേലേത്ത്
1982ൽ ജില്ലാ ജൂനിയർ ബാസ്‌കറ്റ് ബാൾ ടീമിൽ അംഗമായിരുന്നു. 1986ൽ എം.ജി സർവകലാശാല ബാസ്കറ്റ് ബാൾ ടീം ക്യാപ്ടനായി. 1986 മുതൽ മൂന്ന് വർഷം സംസ്ഥാന ടീമിലും കളിച്ചു. കെ.എസ്.ഇ.ബിയിൽ ജോലികിട്ടിയ ശേഷം ആൾ ഇന്ത്യ ഇലക്ട്രിസിറ്റി ബോർഡ് മീറ്റിൽ ആദ്യമായി കേരളം ചാമ്പ്യനായപ്പോൾ ജെയിസണും ടീമിലുണ്ടായിരുന്നു. നിലവിൽ എറണാകുളം ജില്ലാ ബാസ്കറ്റ് ബാൾ അസോസിയേഷൻ പ്രസിഡന്റും അണ്ടർ 17 സെക്ഷൻ കമ്മിറ്റി ചെയർമാനുമാണ്. പവർ ബോർഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായിരുന്നു. ഒരു വർഷം മുമ്പാണ് സർവീസിൽ നിന്ന് വിരമിച്ചത്.
സെബി വി. ബാസ്റ്റ്യൻ
1989ലും 90ലും സംസ്ഥാന ബാസ്‌കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്. നാല് വർഷം കാർമ്മൽ ബാസ്കറ്റ് ബാൾ ക്ളബ് ക്യാപ്ടനായിരുന്നു. ആലപ്പുഴ സ്വദേശിയായ പരേതനായ ഫെന്നിന്റെ ശിക്ഷണത്തിലാണ് ഇരുവരും ഈ രംഗത്ത് ഉയരങ്ങൾ കീഴടക്കിയത്. മൂന്നാം വട്ടമാണ് സെബി നഗരസഭയിലേക്ക് മത്സരിക്കുന്നത്. 2005ൽ എട്ടാം വാർഡിൽ ഡി.ഐ.സി സ്ഥാനാർത്ഥിയായിരുന്നു. 2015ൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി ഒരു വോട്ടിന് ജയിച്ചു. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കുട്ടനാടൻ ബ്ളോഗ്, മിഖായേൽ, ഷെല്ലോക്ക് എന്നിവയാണ് പുറത്തിറങ്ങിയ ചിത്രങ്ങൾ. പുറത്തിറങ്ങാനുള്ള മമ്മൂട്ടി നായകനായ വൺ സിനിമയിൽ എം.എൽ.എയായി സെബി അഭനിയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |