അലനല്ലൂർ: മിക്ക തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫിനൊപ്പം നിന്ന ചരിത്രമാണ് അലനല്ലൂരിനുള്ളത്. നിയമസഭയിലേക്കടക്കം മറ്റ് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് പ്രതിനിധിക്ക് ലീഡ് വർദ്ധിപ്പിക്കുന്നതിൽ അലനല്ലൂർ വലിയ പങ്ക് വഹിക്കാറുണ്ട്.
എന്നാൽ ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ അരയും തലയും മുറുക്കി എൽ.ഡി.എഫ് രംഗത്തിറങ്ങിയതോടെ തീപാറുന്ന പോരാട്ടത്തിനുള്ള സാദ്ധ്യതയാണ് തെളിയുന്നത്. ഇരുമുന്നണികളും തികഞ്ഞ പ്രതീക്ഷയിലാണ്. പ്രചാരണത്തിലും ഇരുകൂട്ടരും ഒപ്പത്തിനൊപ്പം മുന്നേറുന്നു. ഭരണം നിലനിറുത്തുമെന്ന് യു.ഡി.എഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ഭരണമാറ്റം ഉറപ്പാണെന്ന് എൽ.ഡി.എഫ് സമർത്ഥിക്കുന്നു. ആർക്കും അനായാസം ജയിച്ച് ഭരണത്തിലേറാൻ കഴിയില്ലെന്ന സൂചനയാണ് നിലവിൽ അലനല്ലൂരിൽ നിന്ന് ലഭിക്കുന്നത്.
ഇരുമുന്നണികളും വികസനം തന്നെയാണ് പ്രധാന പ്രചാരണ വിഷയമാക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇൻഷൂറൻസ്, പാലിയേറ്റീവ് വളണ്ടിയർമാർക്ക് പെൻഷൻ തുടങ്ങി തങ്ങളുടെ ഭരണകാലത്ത് ചെയ്ത വികസനങ്ങൾ എണ്ണിപ്പറഞ്ഞ് യു.ഡി.എഫ് വോട്ട് ചോദിക്കുമ്പോൾ വികസന തുടർച്ചയ്ക്ക് ഒരിക്കൽ കൂടി ജനങ്ങൾ തങ്ങളെ അധികാരമേല്പിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
അതേ സമയം, കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് യാഥാർത്ഥ്യമാകാതെ പോയ വികസനങ്ങളുടെ നീണ്ട പട്ടിക ഇടതുപക്ഷം പുറത്തിറക്കി. യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളായ ഒമ്പതാം വാർഡ് കാട്ടുകുളം, പത്താം വാർഡ് പാക്കത്തുകുളമ്പ് ഭാഗങ്ങളിലുണ്ടായ പ്രവർത്തകരുടെ കൂട്ടരാജി അനുകൂല വിധിയെഴുത്തിന് കാരണമാകുമെന്നും എൽ.ഡി.എഫ് കണക്കാക്കുന്നു.
23 വാർഡുളള ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ അലനല്ലൂരിൽ ബി.ജെ.പി.യും സ്വതന്ത്രരും മറ്റു ചെറുകക്ഷികളുമുൾപ്പെടെ 79 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |