കൊല്ലം: ഭിന്നശേഷിക്കാരിയായ ഭാര്യയുമൊത്ത് ജീവിക്കാൻ താത്പര്യമില്ലാത്തതിനാലാണ് കൊല നടത്തിയതെന്ന് അഞ്ചൽ ഉത്ര വധക്കേസിലെ പ്രതി സൂരജ് തന്നോട് പറഞ്ഞിരുന്നെന്ന് കേസിലെ മാപ്പുസാക്ഷി ചാവര്കാവ് സുരേഷ് കോടതിയിൽ വെളിപ്പെടുത്തി. കേസിന്റെ വിചാരണയ്‌ക്കിടെ കൊല്ലം ആറാം അഡിഷണൽ സെഷൻസ് കോടതിയിലാണ് ഒന്നാം സാക്ഷി സുരേഷ് ഈ വെളിപ്പെടുത്തൽ നടത്തിയത്. സംഭവം ആരോടും പറയരുതെന്നും സർപ്പദോഷമായി ഇതവസാനിക്കുമെന്നും സൂരജ് പറഞ്ഞു.
ഇക്കാര്യം പുറത്തുപറഞ്ഞാൽ താനും പ്രതിയാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുരേഷ് അറിയിച്ചു. ഇക്കാര്യം പറയുമ്പോൾ സുരേഷ് വികാരാധീനനായി കോടതിക്കു മുമ്പിൽ പൊട്ടിക്കരഞ്ഞു. സൂരജിന് മൂർഖൻ പാമ്പിനെ കൊടുത്ത പ്ലാസ്റ്റിക് ജാർ, സൂരജിന്റെ ബാഗ്, സുരേഷിന്റെ മൊബൈൽ ഫോണുകൾ എന്നിവ കോടതിയിൽ തിരിച്ചറിഞ്ഞു. സുരേഷിന്റെ ക്രോസ് വിസ്താരം ഇന്നും തുടരും. കൊട്ടാരക്കര സബ് ജയിലിൽ നിന്നാണ് സുരേഷിനെ കോടതിയിൽ ഹാജരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജ്, കെ. ഗോപീഷ് കുമാർ, സി.എസ്. സുനിൽ എന്നിവർ ഹാജരായി.
സുരേഷ് കോടതിയിൽ പറഞ്ഞത്
ഫെബ്രുവരി 12നാണ് സൂരജ് ഫോണിൽ വിളിച്ച് പരിചയപ്പെട്ടത്. പിന്നീട് ചാത്തന്നൂരിൽ വന്ന് കാണുകയും അടൂരിലെ വീട്ടിൽ ബോധവത്കരണ ക്ലാസെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫെബ്രുവരി 26ന് വെളുപ്പിന് സൂരജിന്റെ വീട്ടിലെത്തി. ബോധവത്കരണത്തിന് കൊണ്ടുപോയ കാട്ടുചേരയെ സൂരജ് അനായാസം കൈകാര്യം ചെയ്തു. തന്റെ കൈവശമുണ്ടായിരുന്ന അണലിയെ 10,000 രൂപ നൽകി സൂരജ് വാങ്ങി. മാർച്ച് 21ന് സൂരജ് വീണ്ടും വിളിച്ചു. അണലി പ്രസവിച്ചു, അതിന്റെ കുഞ്ഞിനെ തിന്നാൻ ഒരു മൂർഖനെ വേണമെന്നാവശ്യപ്പെട്ടു. പണത്തിനാവശ്യമുള്ളതിനാൽ ഏനാത്ത് പാലത്തിനടുത്തുവച്ച് ഏഴായിരം രൂപ വാങ്ങി മൂർഖനെ സൂരജിന് കൊടുത്തു. പിന്നീട് സൂരജ് വിളിച്ചിട്ടില്ല. ഉത്രയുടെ മരണവാർത്ത പത്രത്തിൽ വായിച്ച ശേഷം സൂരജിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. പിറ്റേദിവസം മറ്റൊരു നമ്പരിൽനിന്ന് തിരികെ വിളിച്ച സൂരജ് ഭാര്യ മരിച്ചെന്ന് പറഞ്ഞു.
എന്തിനാടാ മിണ്ടാപ്രാണിയെ ഉപയോഗിച്ച് മഹാപാപം ചെയ്തതെന്ന് ചോദിച്ചപ്പോൾ ഭിന്നശേഷിക്കാരിയായ ഭാര്യയുമായി ജീവിക്കാൻ വയ്യാത്തതു കൊണ്ടു ഞാൻ തന്നെ ചെയ്തതാണ്’ എന്നു മറുപടി പറഞ്ഞു. ചേട്ടൻ ഇത് ആരോടും പറയരുത്. സർപ്പദോഷമായി കരുതിക്കോളും. അല്ലെങ്കിൽ ചേട്ടനും കൊലക്കേസിൽ പ്രതിയാകും എന്നും സൂരജ് പറഞ്ഞു.വിവരം പൊലീസിനെ അറിയിക്കണമെന്ന് മകൾ പറഞ്ഞെങ്കിലും അപ്പോഴത്തെ മാനസികാവസ്ഥയിൽ അതിന് കഴിഞ്ഞില്ല. പിന്നീട് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുമ്പോൾ സഹതടവുകാരാണ് സത്യം കോടതിയോട് പറയാൻ ഉപദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |