തിരുവനന്തപുരം: പാങ്ങോട് സൈനിക കേന്ദ്രത്തിലെ മദ്രാസ് റെജിമെന്റിന്റെ ഓഫീസേഴ്സ് മെസിൽ ഡി.ജെ പാർട്ടിക്കിടെ കവർന്ന,രണ്ട് ആനക്കൊമ്പുകൾ കണ്ടെത്താൻ പട്ടാള ക്യാമ്പ് അരിച്ചുപെറുക്കി പൊലീസ്.രണ്ട് ഡിവൈ.എസ്.പിമാർ,4 സി.ഐമാർ,6 എസ്.ഐമാർ അടക്കം ഇരുപതോളം പേരുള്ള നാല് സംഘങ്ങളാണ് മദ്രാസ് റെജിമെന്റ് വളപ്പ് അരിച്ചുപെറുക്കുന്നത്. ആനക്കൊമ്പുകൾ ക്യാമ്പിന് പുറത്ത് കൊണ്ടുപോയിട്ടില്ലെന്നാണ് പൊലീസ് നിഗമനം.
ഏക്കറുകണക്കിന് കാടുപിടിച്ചുകിടക്കുന്ന ക്യാമ്പിൽ എവിടെയെങ്കിലും മോഷ്ടാക്കൾ കൊമ്പുകൾ ഒളിപ്പിച്ചിരിക്കാനാണ് സാദ്ധ്യതയെന്ന് പൊലീസ് പറഞ്ഞു. കൊമ്പുകൾ പുറത്തേക്ക് കൊണ്ടുപോയതിന് ഇതുവരെ തെളിവ് കിട്ടിയിട്ടില്ല. 100കിലോയിലേറെ ഭാരമുള്ള ഇവ എളുപ്പത്തിൽ പുറത്തേക്ക് എത്തിക്കാനാവില്ല. ഡി.ജെ പാർട്ടിക്ക് ലൈറ്റ്,സൗണ്ട്,കാറ്ററിംഗ് സൗകര്യങ്ങൾ ഒരുക്കിയവരെയടക്കം ചോദ്യം ചെയ്തെങ്കിലും കൊമ്പുകൾ പുറത്ത് എത്തിച്ചതിന്റെ വിവരങ്ങൾ കിട്ടിയിട്ടില്ല.പട്ടാള ക്യാമ്പിൽ തിരച്ചിലിന് പൊലീസിനെ ആദ്യം സൈന്യം അനുവദിച്ചില്ലെങ്കിലും പിന്നീട് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് അനുമതി നൽകുകയായിരുന്നു.
റെജിമെന്റിലേക്കുള്ള പ്രവേശന കവാടത്തിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കൊമ്പുകൾ പുറത്തേക്ക് കൊണ്ടുപോയതിന് തെളിവ് കിട്ടിയില്ല.അതിനാലാണ് കൊമ്പുകൾ ക്യാമ്പിൽ തന്നെയുണ്ടെന്ന നിഗമനത്തിലേക്ക് പൊലീസെത്തിയത്.മോഷണത്തിനും അതിക്രമിച്ച് കടക്കലിനും 7വർഷം തടവുശിക്ഷ കിട്ടാവുന്ന ബി.എൻ.എസ് 331(4),305(ഇ) വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.ഡെപ്യൂട്ടി കമ്മീഷണർ തപോഷ് ബസുമതാരിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് (എസ്.ഐ.ടി) കേസന്വേഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.