സിംഗപ്പൂർ: ലോകത്താദ്യമായി ലബോറട്ടറിയിൽ നിർമ്മിക്കുന്ന കോഴിയറച്ചി വിൽക്കാൻ അനുമതി നൽകുന്ന രാജ്യമായി സിംഗപ്പൂർ. അമേരിക്കൻ സ്റ്റാർട്ട് അപ്പായ ഈറ്റ് ജസ്റ്റ് ഗ്രീൻലൈറ്റിനാണ് ലാബിൽ നിർമ്മിച്ച കോഴിയിറച്ചി വിൽക്കാൻ സിംഗപ്പൂർ സർക്കാർ അനുമതി നൽകിയത് .ലോകത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ലാബ് മാംസത്തിന് റെഗുലേറ്ററി അംഗീകാരം ലഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ആരോഗ്യം, മൃഗസംരക്ഷണം, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ മൂലം ലാബിൽ ഉത്പാദിപ്പിച്ച ഇറച്ചിയോടുള്ള ആഭിമുഖ്യം കൂടിവരുന്നുണ്ടെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ട്.
അതേസമയം, ലാബിലെ പ്രത്യേക സാഹചര്യങ്ങളിൽ മൃഗങ്ങളുടെ മാംസപേശികൾ കൃത്രിമമായി നിർമ്മിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതിന് ചെലവും കൂടുതലാണ്.
'സുരക്ഷിതമായ മനുഷ്യ ഉപഭോഗത്തിനായി മൃഗങ്ങളുടെ കോശങ്ങളിൽ നിന്ന് നേരിട്ട് സൃഷ്ടിച്ച യഥാർത്ഥവും ഉയർന്ന ഗുണനിലവാരമുള്ളതുമായ മാംസത്തിന്റെ ലോകത്തിലെ ആദ്യത്തെ റെഗുലേറ്ററി അംഗീകാരം സിംഗപ്പൂരിൽ ചെറുകിട വാണിജ്യ സംരംഭത്തിന് വഴിയൊരുക്കുന്നു' - ഈറ്റ് ജസ്റ്റ് പറഞ്ഞു.കൃത്രിമമാംസം കൊണ്ടുണ്ടാക്കിയ നഗറ്റ്സ് ആയിരിക്കും ആദ്യം വിപണിയിലെത്തിക്കുകയെന്നും ഇതിന് ഒരു പാക്കറ്റിന് 50 ഡോളർ വില വരുമെന്നും കമ്പനി അറിയിച്ചു. ഇത് സാധാരണ നഗറ്റ്സിന്റെ വിലയുടെ പത്തിരട്ടിയോളമാണ്. എന്നാൽ, സാധാരണ ചിക്കന് തുല്യമായ വിലയ്ക്ക് ഇത് നൽകാനാകുമെന്ന് ഈറ്റ് ജസ്റ്റിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ ജോഷ് ടെട്രിക് പറഞ്ഞു. 2021 അവസാനിക്കുന്നതിന് മുമ്പായി പൊതുജനങ്ങൾക്ക് മുമ്പിൽ എത്തിച്ച് സംരംഭം ലാഭകരമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് രണ്ട് ഡസനിലധികം കമ്പനികൾ നിലവിൽ ലാബ് മത്സ്യം, ഗോമാംസം, കോഴിയിറച്ചി എന്നിവ പരീക്ഷിക്കുന്നുണ്ട്. 2029 ഓടെ 140 ബില്യൺ ഡോളർ വിലമതിക്കുന്ന കൃത്രിമ ഇറച്ചിയുടെ വിപണിയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |