നാഗർകോവിൽ: ഭിക്ഷാടനത്തുകയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തമിഴ് ഭിക്ഷക്കാരനെ ഉത്തരാഖണ്ഡ് ഭിക്ഷക്കാരൻ വടി കൊണ്ട് അടിച്ചുകൊന്നു. ഉത്തരാഖണ്ഡ് സ്വദേശി പ്രകാശ് (81) ആണ് 60 വയസ് പ്രായം വരുന്ന തമിഴ് ഭിക്ഷക്കാരനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
നാഗർകോവിൽ, മണിമേട വിമൻസ് ക്രിസ്ത്യൻ കോളേജിനടുത്തുള്ള കടയിൽ ഭിക്ഷ വാങ്ങാൻ എത്തിയതായിരുന്നു കൊലചെയ്യപ്പെട്ട ഭിക്ഷക്കാരൻ. പ്രകാശും അവിടെ ഭിക്ഷയ്ക്കായി എത്തി. കടയുടമ ആദ്യം വന്നയാൾക്ക് രണ്ടു രൂപ നൽകി. ഒരാൾക്ക് മാത്രമേ ഭിക്ഷ നൽകൂവെന്നും പറഞ്ഞു. ഉടൻതന്നെ പ്രകാശ് അതിൽ നിന്ന് തനിക്ക് ഒരു രൂപ വേണമെന്ന് ആവശ്യപ്പെട്ടു. പണം കിട്ടാത്തതിൽ പ്രകോപിതനായ പ്രകാശ്, തമിഴ് ഭിക്ഷക്കാരനെ കൈയിലിരുന്ന വടി കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു.