കോഴിക്കോട് : നഗരത്തിന്റെ വികസനത്തുടർച്ചയ്ക്ക് വോട്ട് ചോദിച്ച് കോഴിക്കോട് കോർപ്പറേഷൻ തിരഞ്ഞെടുപ്പ് എൽ.ഡി.എഫ് പ്രകടന പത്രിക. അർഹത ഉണ്ടായിട്ടും ലഭ്യമാകാതെപോയ സ്മാർട് സിറ്റി പദ്ധതി നേടിയെടുക്കാൻ ശ്രമിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രധാന വാഗ്ദാനം.
നഗര ഗതാഗതത്തിന് നൂതന സംവിധാനം ഏർപ്പെടുത്തും. സിറ്റി റോഡ് ഇംപൂവ്‌മെന്റ് പ്രോജക്ട് 2ാം ഘട്ട റോഡ് വികസന പദ്ധതികൾ പൂർത്തീകരിക്കാൻ ഇടപെലുകൾ നടത്തും. മാനാഞ്ചിറ- മീഞ്ചന്ത റോഡ് വികസനത്തിന് നടപടി സ്വീകരിക്കും. ബേപ്പൂർ - മീഞ്ചന്ത റോഡ് വികസനം യാഥാർത്ഥ്യമാക്കും. എരഞ്ഞിപ്പാലം ഫ്ലൈഓവർ നിർമ്മാണം ആരംഭിക്കും. കോഴിക്കോട് മൊബിലിറ്റി ഹബ് സ്ഥാപിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തും. പൊന്നാനി- വെങ്ങളം തീരദേശ റോഡ് വികസനം പൂർത്തീകരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തും. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള മുഴുവൻ റോഡുകളും ഡിസൈൻഡ് റോഡുകളാക്കും. റോഡുകളിൽ സൈൻബോർഡുകൾ സ്ഥാപിക്കും. പുതിയ റോഡുകൾ നിർമ്മിക്കുമ്പോൾ ദീർഘകാല നവീകരണമടക്കം ഉറപ്പാക്കും. നഗരത്തിൽ കൂടുതൽ എസ്‌കലേറ്ററുകൾ സ്ഥാപിക്കും.
പാവപ്പെട്ടവർക്ക് സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് തുടർ പരിപാടികൾ ശക്തമാക്കും. കല്ലുത്താൻകടവിലെ ചേരിനിവാസികളായ 89 കുടുംബങ്ങളെ ഫ്ലാറ്റിലേക്ക് പുനരധിവസിപ്പിക്കാനായത് വികസനനേട്ടമായി ചൂണ്ടിക്കാട്ടുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മുഴുവൻ സർക്കാർ സ്‌കൂളുകളുടെയും വികസനം ലക്ഷ്യമാക്കി സമഗ്രമായ മാസ്റ്റർപ്ലാൻ തയ്യാറാക്കി സൗകര്യമൊരുക്കും. മുഴുവൻ സ്‌കൂളുകൾക്കും ഹൈടെക്ക് ലാബുകൾ. സർക്കാർ എൽ. പി സ്‌കൂളുകളോടനുബന്ധിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീപ്രൈമറി ക്ലാസുകൾ ആരംഭിക്കും. നഗരത്തിലെ മുഴുവൻ അംഗൻവാടികൾക്കും ശിശുസൗഹൃദ കെട്ടിടങ്ങൾ നിർമ്മിക്കും. ആധുനിക സംവിധാനങ്ങളോടുകൂടിയ എഡ്യൂക്കേഷണൽ നോളജ് പാർക്ക് സ്ഥാപിക്കും. വിദ്യാഭ്യാസ സംബന്ധമായ എല്ലാം ഒരു കുടക്കീഴിൽ ലഭിക്കുന്നതരത്തിലാണ് നോളജ് പാർക്ക് രൂപകൽപന ചെയ്യുക.
സ്വകാര്യസംരംഭകരുടെ പങ്കാളിത്തത്തോടെ ജോബ്‌ഫെസ്റ്റുകൾ സംഘടിപ്പിക്കും. വഴിയോര കച്ചവടക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ. കേന്ദ്രസംസ്ഥാന നിയമത്തിനനുസരിച്ച് വഴിയോര കച്ചവട നയം സമഗ്രമാക്കും. വഴിയോര കച്ചവടക്കാർക്ക് പ്രത്യേക ഓപ്പൺ മാർക്കറ്റുകൾ ആരംഭിക്കും. ഐ. ജി റോഡ് ബസ്‌സ്റ്റാന്റിൽ വഴിയോര കച്ചവടക്കാർക്ക് ബൂത്തുകൾ സ്ഥാപിക്കും. ബീച്ചിൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന തരത്തിൽ വഴിയോര കച്ചവടം സമഗ്രമായി പരിഷ്‌കരിച്ച് ആധുനികവൽക്കരിച്ചു നടപ്പാക്കും. കച്ചവടക്കാരുടെ പിന്തുണ ഉറപ്പാക്കും. എന്നിവയും പ്രകടന പത്രിക ഉറപ്പുനൽകുന്നു.
അഞ്ച് വർഷംകൊണ്ട് 75 വാർഡുകളിലായി 200 കോടിയുടെ മരാമത്ത് പ്രവൃത്തികളാണ് നടന്നത്. ദക്ഷിണേന്ത്യയിൽ ആദ്യമായി കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ എസ്‌കലേറ്റർ സ്ഥാപിച്ച നഗരമായി കോഴിക്കോട് മാറി. കല്ലുത്താൻ കടവ് ഫ്ലാറ്റ് സമുച്ചയം, നഗരത്തിലെത്തുന്ന വനിതാ യാത്രക്കാർക്കുള്ള ഷീ ലോഡ്ജ്, വിവിധ കമ്യൂണിറ്റിഹാളുകളുടെ നവീകരണം, സ്പോർട്‌സ് കൗൺസിൽ സഹകരണത്തോടെ നടപ്പാക്കിയ മാനാഞ്ചിറ ഉൾപ്പെടെയുള്ള ഓപ്പൺ ജിം, കളിസ്ഥലങ്ങൾ, സ്‌കൂൾ കെട്ടിടങ്ങളുടെ പുതുക്കിപ്പണിയൽ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് സൗജന്യ പ്രഭാത ഭക്ഷണം, തെരുവ് നായ ശല്യത്തിന് പരിഹാരമായി കേരളത്തിലെ മികച്ച എ. ബി.സി സെന്റർ, നഗര ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി 11 ന്യായവില ഹോട്ടലുകൾ, നഗരത്തെ പ്രകാശമാനമാക്കി 42000 എൽ. ഇ. ഡി വിളക്കുകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന വികസനപദ്ധതികളാണ് കൗൺസിൽ രൂപം നൽകി നടപ്പാക്കിയതെന്നും എൽ.ഡി.എഫ് പത്രിക ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |