തിരുവനന്തപുരം: കാടിന്റെ മനോഹാരിതയും അറിവും പകർന്നുതരുന്ന നാച്വറൽ ഹിസ്റ്ററി മ്യൂസിയം സഞ്ചാരികൾക്കായി പുത്തൻ രൂപഭാവത്തിൽ ഒരുങ്ങുന്നു. 1964ൽ സ്ഥാപിതമായ മ്യൂസിയം 56 വർഷത്തിന് ശേഷമാണ് നവീകരിക്കുന്നത്. അടുത്തമാസം പകുതിയോടെ സഞ്ചാരികൾക്കായി തുറന്നുനൽകും. രണ്ട് നിലകളിലുള്ള നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിൽ മൃഗശാല മ്യൂസിയും വകുപ്പിന്റെ കീഴിൽ 6.5 കോടി രൂപ മുടക്കിയുള്ളതാണ് പദ്ധതി. കാഴ്ചയുടെ വിരുന്നിനൊപ്പം അറിവിനും പഠനത്തിനും കൂടുതൽ ഊന്നൽ നൽകിയുള്ള നവീകരണമാണ് പുരോഗമിക്കുന്നത്. 8 പ്രദർശന ഗാലറികൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. മനുഷ്യന്റെ ഇടപെടൽമൂലം ആവാസവ്യവസ്ഥ നശിച്ച് അന്യംനിന്ന 19 മൃഗങ്ങളുടെ ത്രിമാനരൂപങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെപ്പറ്റി അറിയുന്നതിനും പഠിക്കുന്നതിനും മൂന്ന് സോണുകളായി തിരിച്ചാണ് മൃഗശാലയിൽ ഉണ്ടായിരുന്ന ചത്ത മൃഗങ്ങളെ സ്റ്റഫ് ചെയ്‌ത് സൂക്ഷിച്ചിരിക്കുന്നത്. സിംഹം, കടുവ, പുലി, പെരുമ്പാമ്പ്, കാട്ടുപന്നി എന്നിവയുടെ രൂപങ്ങളും ഇവിടെയുണ്ട്. മൃഗങ്ങളുടെ വാസസ്ഥലങ്ങളും പ്രത്യേകതകളും ഇതോടൊപ്പം ആവിഷ്‌കരിച്ചു. ഒന്നാം നിലയിൽ പക്ഷികളുടെ ഗാലറിയിൽ അപൂർവങ്ങളായ പക്ഷികളുടെ രൂപങ്ങളും ശരീരഭാഗങ്ങളും ജിയോളജി ഗവേഷകർക്കായി വിവിധയിനം കല്ലുകളുടെയും ധാതുക്കളുടേയും ശേഖരവും സജ്ജമാക്കി. സന്ദർശകർക്ക് ആശയവിനിമയം നടത്തുന്നതിനുള്ള ടച്ച് സ്‌ക്രീൻ കിയോസ്‌കുകൾ, ഇൻഫർമേഷൻ പാനലുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ജിയോളജിക്കൽ ഗാലറിയും ബൊട്ടാണിക്കൽ ഗാലറിയും ഗവേഷകർക്ക് ഉപയോഗപ്രദമാകുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഗവേഷകർക്ക് ആവശ്യമായ കാര്യങ്ങൾ വിവരണത്തിലോ ഇൻഫർമേഷൻ ടച്ച് സക്രീനിൽ അന്വേഷിച്ചാലോ ലഭിക്കും.
കാഴ്ചയ്‌ക്കപ്പുറം വിജ്ഞാനവും പഠനവും കേന്ദ്രീകരിച്ചുള്ള നവീകരണമാണ് നടത്തിയത്. ഗവേഷകർക്ക് സഹായപ്രദമാകുന്ന രീതിയിലുള്ള ഗ്യാലറികളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അടുത്ത മാസം പകുതിയോടെ സന്ദർശകർക്കായി തുറന്ന് നൽകും.
അബു ശിവദാസ്, മൃഗശാല മ്യൂസിയം ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |