തിരുവനന്തപുരം: വോട്ടെടുപ്പിന് അഞ്ചു ദിവസം മാത്രം ശേഷിക്കെ വിജയമുറപ്പിക്കാൻ പോസ്റ്റൽ വോട്ടിന്റെ പിറകെയാണ് മുന്നണികളിപ്പോൾ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിന്റെ മാത്രം ബലത്തിൽ വിജയിച്ച വാർഡുകൾ ജില്ലയിൽ നൂറിലധികം വരും. പലപ്പോഴും പഞ്ചായത്തു ഭരണം ആർക്കാണെന്ന് നിർണയിക്കുന്നതുപോലും പോസ്റ്റൽ വോട്ടിൽ വിജയിച്ചയാളിനെ ആശ്രയിച്ചിരിക്കും. ഇക്കാരണത്താലാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ പോസ്റ്റൽ വോട്ടുകൾ താരമാകുന്നത്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമായിരുന്നു മുൻകാലങ്ങളിൽ പോസ്റ്റൽ വോട്ട് ഉണ്ടായിരുന്നത്. എന്നാലിപ്പോൾ കൊവിഡ് ബാധിതർക്കും ബൂത്തിലെത്തി വോട്ട് ചെയ്യാൻ ബുദ്ധിമുട്ടുള്ള വിധം ശാരീരിക പ്രയാസമുള്ളവർക്കും പോസ്റ്റൽ ബാലറ്റ് അനുവദിച്ചതോടെ ഇത്തരം ബാലറ്റുകൾ കാൻവാസ് ചെയ്യാനുള്ള ശ്രമത്തിലാണ് മുന്നണികൾ. ഇതിനായി പോസ്റ്റൽ ബാലറ്റിലുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി ഇവ ശേഖരിക്കാനായി പ്രത്യേക ടീമിനെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുൻ വർഷങ്ങളിലുള്ളതിനേക്കാൾ ഇരട്ടിയിലേറെ ഇത്തരം വോട്ടുകൾ ഓരോ വാർഡിലും ഉണ്ടാകും.
വോട്ടർമാർക്കുള്ള സ്ലിപ്പ് വിതരണമാണ് അടുത്ത ദിവസങ്ങളിൽ നടത്തുക. വോട്ടർ പട്ടികയിലുള്ള ക്രമത്തിൽ വാർഡിലെ വോട്ടർമാരുടെ ലിസ്റ്റെടുത്താണ് സ്ലിപ്പ് വിതരണത്തിന് തയ്യാറാക്കുന്നത്. വോട്ട് ചെയ്യാനെത്തുമ്പോൾ വോട്ടർപട്ടികയിൽ ക്രമ നമ്പർ പറഞ്ഞുകൊടുത്താൽ ഒന്നാം പോളിംഗ് ഓഫീസർ ലിസ്റ്റ് വായിച്ച് അടയാളപ്പെടുത്തുമെങ്കിലും പല വോട്ടർമാർക്കും സ്ലിപ്പ് ഇല്ലാതെ ബൂത്തിന്റെ പടികയറാൻ മടിയാണ്. ചിലരാകട്ടെ സ്വന്തം മുന്നണിയുടെ സ്ലിപ്പ് അല്ലാതെ മറ്റൊന്നും കൊണ്ടുപോകില്ല. എതിർകക്ഷിയുടെ സ്ലിപ്പ് എടുത്താൽ പോളിംഗ് ബൂത്തിലിരിക്കുന്ന പാർട്ടിക്കാരൻ ഇൻഏജന്റ് ഇതുകണ്ട് തന്നെ സംശയിച്ചാലോ എന്നതാണ് പേടി. ഇതൊക്കെകൊണ്ടുതന്നെ സ്ലിപ്പ് വിതരണത്തിൽ മുന്നണികളാരും അലംഭാവം കാണിക്കാറുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |