കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണക്കടത്ത് നടത്തിയെന്ന് പറഞ്ഞാൽ കേരളത്തിൽ ആരും വിശ്വസിക്കില്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഒരു സ്വകാര്യ മലയാളം വാർത്താ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രി ഭരണ നൈപുണ്യമുള്ള ആളാണെന്നും ഉപദേശക സംഘമാണ് അദ്ദേഹത്തെ വഴിതെറ്റിച്ചതെന്നും അവരെ പിരിച്ചുവിടുകയാണെങ്കിൽ പിണറായി വിജയന് ഇതിനേക്കാൾ പത്തരമാറ്റ് മുഖ്യമന്ത്രിയായി മാറാൻ കഴിയുമെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിന് കത്തെഴുതിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹത്തെ കുഴിയിൽ ചാടിക്കുകയാണ് ഉണ്ടായതെന്നും നടൻ പറയുന്നു.
'കാര്യം അദ്ദേഹം കഠിനഹൃദയനാണെന്നും ധാര്‍ഷ്ട്യമുണ്ടെന്നുമൊക്കെ നമുക്ക് തോന്നും. ധിക്കാരിയാണെന്ന് തോന്നും. അതൊക്കെയുണ്ട്. സ്വര്‍ണം കള്ളക്കടത്തി ജീവിക്കേണ്ട ഒരാളായിട്ട് നമുക്ക് തോന്നില്ല. പക്ഷെ, അദ്ദേഹം അറിയാതെ പല കുഴികളിലും അദ്ദേഹത്തെ ചാടിച്ചു. അല്ലെങ്കില്‍ അദ്ദേഹം കേന്ദ്രസര്‍ക്കാരിന് കത്തെഴുതുമോ? ഇഡി വന്ന് അന്വേഷിക്കാന്‍ കാരണം അദ്ദേഹം താന്‍ ബുദ്ധിമാനാണെന്ന് സ്വയം വിശ്വസിക്കുന്നതുകൊണ്ടാണ്.'-ജോയ് മാത്യു പറയുന്നു.
ഇത്തരത്തിൽ മറ്റാരും പ്രവർത്തിക്കുകയില്ലയെന്നും കേന്ദ്ര ഏജൻസികൾ വന്നപ്പോൾ അദ്ദേഹം തന്നെ ഞെട്ടിപ്പോവുകയാണ് ഉണ്ടായതെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി കെണിയിൽ പെട്ട് പോവുകയാണ് ഉണ്ടായതെന്നും ഉപദേശക സംഘത്തെ പിരിച്ചുവിട്ടാൽ നല്ലൊരു ഭരണം അദ്ദേഹത്തിന് കാഴ്ചവയ്ക്കാൻ പറ്റുമെന്നതിൽ തനിക്ക് സംശയമേതുമില്ലെന്നും നടൻ പറയുന്നു. കേരള പൊലീസ് 118എ ഭേദഗതിയും തുടർന്ന് അത് പിൻവലിക്കേണ്ടി വന്നതുമെല്ലാം ഉപദേശക സംഘത്തിന്റെ ഇടപെടലുകൾ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോട് തനിക്ക് വിരോധമൊന്നുമില്ലെങ്കിലും സർക്കാരിന്റെ മാവോയിസ്റ്റ് വേട്ട ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അദ്ദേഹത്തോട് വിയോജിപ്പുണ്ടെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |