പിലിഭിത്ത്: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ 12 വയസുകാരനെ മദ്രസയില്‍ ചങ്ങലയ്ക്കിട്ട് മര്‍ദ്ദിച്ചു. സംഭവത്തില്‍ മദ്രസയുടെ മാനേജര്‍, കുട്ടിയുടെ പിതാവ്, അദ്ധ്യാപകന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ മാതാപിതാക്കള്‍ മദ്രസയില്‍ എത്തിച്ചത്. എന്നാല്‍ മദ്രസയില്‍ താമസിക്കാന്‍ കുട്ടി ഇഷ്ടപ്പെട്ടിരുന്നില്ല. രക്ഷപ്പെടാന്‍ ശ്രമം നടത്തിയതിനെത്തുടര്‍ന്നാണ് ചങ്ങലയ്ക്കിട്ടത്.
നവംബര്‍ 25ന് മദ്രസയില്‍ നിന്നും കുട്ടി രക്ഷപ്പെട്ടതിനെത്തുടര്‍ന്നാണ് ക്രൂര പീഡനത്തിന്റെ കഥ പുറത്തറിഞ്ഞത്. കുട്ടി രക്ഷപെട്ടതറിഞ്ഞ് മദ്രസ ജീവനക്കാര്‍ അന്വേഷണം നടത്തുകയും പിലിഭിത്തിലെ നെഹ്‌റു പാര്‍ക്കില്‍ വെച്ച് കുട്ടിയെ പിടികൂടുകയും ചെയ്തു. എന്നാല്‍ കുട്ടി ബഹളം വെച്ചതോടെ പ്രദേശവാസികള്‍ തടിച്ചുകൂടി. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ബാലാവകാശ പ്രവര്‍ത്തകരെ വിളിച്ചുവരുത്തുകയും കുട്ടിയെ കൈമാറുകയും ചെയ്തു.
സംഭവത്തില്‍ കുട്ടിയുടെ വിശദമായ മൊഴി ബാലാവകാശ കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്കൊപ്പം മറ്റ് ഏഴ് കുട്ടികള്‍ക്കൂടി മദ്രസയില്‍ താമസിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ ന്യൂനപക്ഷ ക്ഷേമ ബോര്‍ഡ് ഓഫീസര്‍ മദ്രസയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി. തന്നെ ചങ്ങലയ്ക്കിട്ടുവെന്നുള്ള കുട്ടിയുടെ മൊഴി വെറും കഥമാത്രമാണെന്നാണ് ന്യൂനപക്ഷ ക്ഷേമ ബോര്‍ഡിന്റെ വാദം. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ ജില്ലാ മജിസ്‌ട്രേറ്റ് ന്യൂനപക്ഷ ക്ഷേമ ബോര്‍ഡ് അധികൃതരെ ശാസിച്ചു. കൂടാതെ കേസെടുക്കാന്‍ വൈകിയതില്‍ ബാലാവകാശ കമ്മീഷനോട് വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |