വാഷിംഗ്ടൺ: ചൊവ്വാഗ്രഹത്തിലെ ജീവന്റെ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ട് പുതിയ പഠന റിപ്പോർട്ടുമായി അമേരിക്കൻ ഗവേഷകർ. സയൻസ് അഡ്വാൻസസ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ചൊവ്വാഗ്രഹത്തിന്റെ ഉപരിതലത്തിന് മൈലുകളോളം അടിയിൽ അന്യഗ്രഹജീവികൾ താമസിച്ചിരുന്നിരിക്കാമെന്നാണ് പഠനത്തിൽ പറയുന്നത്. കിലോമീറ്ററുളോളം കനത്തിലുള്ള ഐസ് ഷീറ്റുകൾ ഉരുകി നീങ്ങിയാൽ ഇക്കാര്യം വെളിപ്പെട്ടേക്കുമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
400 കോടിയോളം വർഷം മുൻപ് ചൊവ്വയിൽ ജീവനുണ്ടായിരുന്നിരിക്കാം. ഉപരിതലത്തിന് അടിയിൽ അന്യഗ്രഹജീവികൾ താമസിച്ചിട്ടുണ്ടാകും. അക്കാലത്ത് സൂര്യൻ പുറപ്പെടുവിച്ചിരുന്ന ചൂട് 25 ശതമാനത്തോളം കുറവായിരുന്നു. ഇതാണ് ചൊവ്വയിൽ ജീവനുണ്ടാകാൻ കളമൊരുക്കിയത് - ഗവേഷകർ പഠനത്തിൽ പറയുന്നു.നിലവിൽ ഭൂമിയിലുള്ള കാലാവസ്ഥയെക്കാൾ വളരെ കുറഞ്ഞ താപനില ഉണ്ടായിരുന്നപ്പോഴാണ് ഭൂമിയിൽ സൂക്ഷ്മജീവികളുടെ രൂപത്തിൽ ജീവൻ ഉത്ഭവിച്ചത്. ഇൻസുലേഷൻ വാതകങ്ങളുടെയും സൂര്യനിൽ നിന്നുള്ള കാന്തികതരംഗങ്ങളുടെയും ഫലമായി രൂപപ്പെട്ട ഉയർന്ന താപനിലയായിരുന്നു ഭൂമിയിൽ ജീവനുണ്ടാകാൻ കളമൊരുക്കിയത്. ഇതു തന്നെ ചൊവ്വയിലും സംഭവിച്ചിരിക്കാമെന്നാണ് ഗവേഷകരുടെ അനുമാനം. ഇത്തരത്തിൽ ചൊവ്വയുടെ ഉപരിതലത്തിലെ ഐസ് ഷീറ്റുകളുടെ അടിഭാഗം ഉരുകുകയും അവിടെ തടാകങ്ങൾ രൂപപ്പെടുകയും ചെയ്തിരിക്കാമെന്നും ഗവേഷകർ പറയുന്നു. അവിടെ ഹൈഡ്രോതെർമൽ പ്രവർത്തനങ്ങളും പാറയും വെള്ളവും തമ്മിലുള്ള പ്രവർത്തനങ്ങളും വഴി ജീവനുണ്ടാകാൻ സാദ്ധ്യതയുള്ള സാഹചര്യങ്ങൾ രൂപപ്പെട്ടിരിക്കാമെന്നും റൂട്ടഗേഴ്സ് സർവകലാശാലയിലെ ഡോ.ലൂജെൻഡ്ര ഓജ വ്യക്തമാക്കി. ചൊവ്വയുടെ ഉപരിതലം ദീർഘകാലം ജീവനുണ്ടാകാൻ സാദ്ധ്യതയുള്ള പ്രദേശമായി തുടർന്നിരിക്കാമെന്നും ഗവേഷകർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |