തിരുവനന്തപുരം: ഏതെങ്കിലും ഒരു ജംഗ്ഷനിൽ എല്ലാ പാർട്ടി പ്രവർത്തകരും ഒത്തുചേർന്ന് നടത്തുന്ന ' കലാശക്കൊട്ട് മഹോത്സവം ' ഇത്തവണ ഉണ്ടാകില്ല. പകരം മിക്കവാറും ജംഗ്ഷനുകളിൽ പാർട്ടി പ്രവർത്തകരെ എത്തിച്ച് കലാശമേളക്കാഴ്ച പ്രധാന പാർട്ടികളൊക്കെ ഒരുക്കും. അതിനു മുന്നോടിയായിട്ടുള്ള റോഡ് ഷോകളാണ് ഇപ്പോൾ നടക്കുന്നത്. ആദ്യം ബൈക്കിൽ കൊടിപിടിച്ച് പ്രവർത്തകർ. പിന്നാലെ ഒരു വണ്ടിയിൽ ചെണ്ടമേളം, അതിനു പിന്നിൽ ബാൻഡ് സംഘം, പിന്നെ അനൗൺസ്‌മെന്റ് വാഹനം. പിന്നെ അലങ്കരിച്ച വാഹനത്തിൽ കൈവീശി സ്ഥാനാർത്ഥി. ഏറ്റവും പിന്നിൽ ഇരുചക്ര വാഹനങ്ങളുടെ നിര. ഒാരോ നൂറു മീറ്ററിലും സ്വീകരണം. വെടിക്കെട്ട്. ഇതാണ് കഴിഞ്ഞ രണ്ടുദിവസമായി മുന്നണി സ്ഥാനാർത്ഥികളുടെ റോഡ് ഷോ. ഇതിന്റെ ഇരട്ടിയിലേറെ പ്രകടനവും കാതടപ്പിക്കുന്ന ശബ്ദകോലാഹലവും ഞായറാഴ്ച വൈകിട്ട് പ്രതീക്ഷിക്കാം. കൊവിഡ് മാനദണ്ഡവും സാമൂഹ്യ അകലവുമൊക്കെ മറന്ന മട്ടിലാണ് പ്രചാരണം. അവസാന മണിക്കൂറിൽ വാഹനങ്ങളിൽ പരമാവധി വാഹനങ്ങളിൽ കൊടിയും ചിഹ്നവും വഹിച്ചുകൊണ്ട് പ്രവർത്തകരെ വിന്യസിക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം.
ചിഹ്നം മനസുകളിൽ പതിപ്പിക്കാൻ
അവസാന റൗണ്ടിൽ പാർട്ടി ചിഹ്നം, ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ പേര് വരുന്ന ക്രമനമ്പർ എന്നിവ വോട്ടർമാരുടെ മനസിൽ ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനമാണ് നടക്കുന്നത്. പ്രധാന മുന്നണി സ്ഥാനാർത്ഥികൾക്ക് ഔദ്യോഗിക ചിഹ്നങ്ങളുള്ളതിനാൽ വോട്ടർമാർക്ക് ആശയക്കുഴപ്പം ഉണ്ടാകില്ല. നഗരത്തിൽ പ്രചാരണത്തിൽ സജീവമായ തിരുവനന്തപുരം വികസന മുന്നേറ്റം കക്ഷിയിൽപ്പെട്ട സ്ഥാനാർത്ഥികൾ ശംഖ് ചിഹ്നത്തിലാണ് മത്സരിക്കുന്നത്. മുന്നണി സ്ഥാനാർത്ഥികൾക്ക് ഭീഷണിയായി രണ്ട് സ്വതന്ത്രരുടെ ശക്തമായ സാന്നിദ്ധ്യമുള്ള വെള്ളാർ വാർഡിൽ സന്തോഷ്‌കുമാറിന്റെ ചിഹ്നവും ശംഖ് ആണ്. ഈ ചിഹ്നം ലഭിച്ചവർ ശംഖ്നാദം മുഴക്കി പ്രചാരണം കൊഴുപ്പിക്കാനാണ് പ്ളാൻ ചെയ്തിരിക്കുന്നത്. മൊബൈൽ ഫോണാണ് മിക്ക സ്വതന്ത്രന്മാരും തിരഞ്ഞടുത്ത മറ്റൊരു ചിഹ്നം. പരിചയപ്പെടുത്തൽ ആവശ്യമില്ലാത്തവണ്ണം സുപരിചിതമായതാണ് കാരണം. ഹാർബർ വാർഡിൽ കോൺഗ്രസ് റിബൽ സ്ഥാനാർത്ഥി നിസാമുദ്ദീന്റെ ചിഹ്നം ഓട്ടോറിക്ഷയാണ്. ഇവിടെ ഓട്ടോറാലി നടത്തി അവസാനദിവസം പ്രചാരണം കൊഴുപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |