ചിങ്ങവനം : തദ്ദേശതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിതചട്ടങ്ങൾ പാലിച്ച് പനച്ചിക്കാട് പഞ്ചായത്തിൽ ജില്ലയിലെ ആദ്യമാതൃകാ ഹരിത ഇലക്‌ഷൻ ഓഫീസ് സജ്ജമായി. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും ഹരിതകേരള മിഷന്റെയും നേതൃത്വത്തിൽ പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. പഞ്ചായത്തിലെ 16-ാം വാർഡിൽ സാജൻ പൊയ്കത്തയ്ക്കൽ വിട്ടുനല്കിയ സ്ഥലത്താണ് എൽ.ഡി.എഫ് തിര.കമ്മിറ്റി ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്. ഓല, മുള, തുടങ്ങിയവ ഉപയോഗിച്ചാണ് നിർമ്മാണം. മുളകൊണ്ടുള്ള ഇരിപ്പിടങ്ങൾ, പനയോല കൊണ്ടുള്ള ആർച്ച് എന്നിവയും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തിലെ 14-ാം വാർഡിലും സമാന രീതിയിൽ ഓഫീസ് നിർമ്മിക്കുന്നുണ്ട്.
ആറായിരം ടൺ മാലിന്യമാണ് കേരളത്തിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരഞ്ഞെടുപ്പ് സാമഗ്രികളിലൂടെ ഉണ്ടാകുന്നത്. ഹരിത കേരളം മിഷനും ശുചിത്വമിഷനും ചേർന്ന് ഹരിതചട്ടം പാലിക്കണമെന്ന് ഇലക്‌ഷൻ കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാലിന്യങ്ങൾ ഒഴിവാക്കുന്നതിനും പ്രകൃതി സൗഹൃദ ഹരിത ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
(പി.രമേശ്,ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |