വല്ലാർപാടം ടെർമിനലിന് റെക്കാഡ് നേട്ടം
കൊച്ചി: ഡി.പി. വേൾഡ് നിയന്ത്രിക്കുന്ന വല്ലാർപാടം അന്താരാഷ്‌ട്ര കണ്ടെയ്‌നർ ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനൽ (ഐ.സി.ടി.ടി) പ്രതിമാസ ചരക്കുനീക്കത്തിൽ പുതിയ ഉയരം തൊട്ടു. നവംബറിൽ 66,000 ടി.ഇ.യു (ട്വന്റിഫുട് ഇക്വിലന്റ് യൂണിറ്റ്) കണ്ടെയ്‌നറുകളാണ് വല്ലാർപാടം വഴി കടന്നുപോയത്. ഇതു സർവകാല റെക്കാഡാണ്. 2019 നവംബറിനേക്കാൾ 43 ശതമാനമാണ് വർദ്ധന.
കഴിഞ്ഞ മൂന്നുമാസക്കാലവും പ്രതിമാസം 60,000 ടി.ഇ.യുവിക്കുമേൽ കണ്ടെയ്‌നറുകൾ ടെർമിനൽ കൈകാര്യം ചെയ്‌തു. ടെർമിനൽ ഇതുവരെ കൈകാര്യം ചെയ്‌ത മൊത്തം കണ്ടെയ്‌നറുകൾ 45 ലക്ഷം ടി.ഇ.യു എന്ന നാഴികക്കല്ലും പിന്നിട്ടു.
കയറ്റുമതിക്കാർക്കായി മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഡി.പി വേൾഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞത് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളെയും ആകർഷിക്കാൻ സഹായകമായി. കൊവിഡ് കാലത്ത് ചരക്കുനീക്കത്തിന് ഇതോടെ കൊച്ചിയോടുള്ള പ്രിയവും വർദ്ധിച്ചു. ടെർമിനലിനും ബംഗളൂരുവിലെ വൈറ്റ്‌ഫീൽഡ് ഇൻലാൻഡ് കണ്ടെയ്‌നർ ഡിപ്പോയ്ക്കും (ഐ.സി.ഡി) തമ്മിൽ നിരന്തര റെയിൽ സർവീസിന് കോൺകോർ തുടക്കമിട്ടതും നേട്ടമായി.
2019നെ അപേക്ഷിച്ച് നാലുമടങ്ങ് വർദ്ധനയാണ് ഈവർഷം ഇതുവരെ റെയിൽ മാർഗമുള്ള ചരക്കുനീക്കത്തിൽ ടെർമിനൽ കുറിച്ചത്. വിദേശത്തേക്കുള്ള ചരക്കുനീക്കം നവംബറിൽ 40 ശതമാനം വർദ്ധിച്ച് 12,326 ടി.ഇ.യുവിലെത്തി. ഇതും റെക്കാഡാണ്. ചരക്കുനീക്കത്തിൽ കൊളംബോ തുറമുഖവും മറ്റും നേരിടുന്ന പ്രതിസന്ധികളും നേട്ടമാക്കിമാറ്റാൻ ഡി.പി. വേൾഡിന് കഴിഞ്ഞു.
ഒമ്പതോളം മെയിൻലൈൻ സർവീസുകളാണ് വല്ലാർപാടം ടെർമിനലിനെ വിദേശ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നത്. ദക്ഷിണേഷ്യ, ചൈന, കിഴക്കനേഷ്യ, യൂറോപ്പ്, മെഡിറ്ററേനിയൻ എന്നിവിടങ്ങളുമായാണ് ചരക്കുനീക്കം. ഇതിന് കൊച്ചി തുറമുഖ ട്രസ്‌റ്റിന്റെ പിന്തുണയും ടെർമിനലിന് കരുത്തായി.
ഉപഭോക്തൃ സേവനത്തിലും മികച്ച പ്രകടനം നടത്താൻ ഡി.പി. വേൾഡിന് കഴിഞ്ഞിട്ടുണ്ട്. ടെർമിനലിൽ ട്രക്ക് വന്നുപോകുന്ന സമയം (ട്രക്ക് ടേൺ എറൗണ്ട് ടൈം) ശരാശരി 27 മിനുട്ടാണ്; ശരാശരി ക്രെയിൻ പ്രവർത്തന സമയം (ഗ്രോസ് ക്രെയിൻ റേറ്റ്) മണിക്കൂറിൽ 31.
''വിദേശ തുറമുഖങ്ങളുമായി നേരിട്ടുള്ള കണക്‌ടിവിറ്റി ഉൾപ്പെടെ മികച്ച സൗകര്യങ്ങൾ ഇടപാടുകാർക്കായി ഒരുക്കിയത് കഴിഞ്ഞ മൂന്നുമാസവും 60,000 ടി.ഇ.യുവിലേറെ കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ കരുത്തായത്. കൊവിഡ് പ്രതിസന്ധിക്കിടയിലും പ്രതികൂല ബിസിനസ് സാഹചര്യത്തിലും മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ ടെർമിനലിന് സാധിച്ചു""
പ്രവീൺ തോമസ് ജോസഫ്,
സി.ഇ.ഒ., ഡി.പി വേൾഡ്, കൊച്ചി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |