തിരുവനന്തപുരം: ഇരുപത്തിയെട്ടുവർഷം നീണ്ട നിയമനടപടികൾക്കൊടുവിൽ സിസ്‌റ്റർ അഭയയ‌്ക്ക് നീതി ലഭിച്ചിരിക്കുന്നു. പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്‌റ്റർ സെഫി എന്നിവർക്ക് ജീവപര്യന്തവും കനത്തതുക പിഴയുമാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്. തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തമാണ് ശിക്ഷ. ഒരു ലക്ഷം രൂപ അധികം പിഴയായി അടക്കുകയും വേണം. കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ സംശയത്തിന്റെ ആനൂകൂല്യത്തിൽ നേരത്തെ വിട്ടയിച്ചിരുന്നുവെങ്കിലും, ഇതിനെതിരെ സുപ്രീം കോടതിയിൽ സിബിഐ അപ്പീൽ നൽകാൻ ഒരുങ്ങിക്കഴിഞ്ഞു.
മജിസ്‌ട്രേട്ടിന് മുൻപാകെ രഹസ്യമൊഴി നൽകിയ ശേഷം പിന്മാറിയ പ്രോസിക്യൂഷൻ രണ്ടാം സാക്ഷി സഞ്ജു പി. മാത്യുവിനെതിരെയും സിബിഐ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. നൂറിലധികം സാക്ഷികൾ ഉണ്ടായിരുന്ന കേസിൽ ഒന്നാം സാക്ഷി അടക്കമുള്ള പ്രധാന സാക്ഷികൾ മരിച്ചിരുന്നു. കേസിൽ 49 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്‌തരിച്ചു. എട്ടുപേർ കൂറുമാറി. പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെ പോലും വിസ്‌തരിച്ചില്ല. നാലാം പ്രതി കോട്ടയം വെസ്റ്റ് മുൻ എഎസ്‌ഐ വി.വി. അഗസ്‌റ്റിൻ ജീവനൊടുക്കിയതിനെ തുടർന്ന് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്നു എന്നായിരുന്നു അഗസ്റ്റിനെതിരായ ആരോപണം. ക്രൈംബ്രാഞ്ച് മുൻ ഡിവൈഎസ്‌പി കെ.സാമുവലിനെയും മുൻ എസ്‌പി കെ.ടി.മൈക്കിൾ എന്നിവരെയും പ്രതി ചേർത്തിരുന്നു. എന്നാൽ തെളിവു നശിപ്പിച്ചെന്ന കേസിൽനിന്നു മൈക്കിളിനെയും മരണത്തെ തുടർന്നു സാമുവലിനെയും ഒഴിവാക്കുകയായിരുന്നു.
ലൈംഗികതയും കൊലപാതകവുമാണ് കേസിന്റെ ആകെത്തുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാർ നായർ കോടതിയിൽ മൊഴി നൽകി. പൗരോഹിത്യ ശുശ്രൂഷകളിൽനിന്നു കഴിഞ്ഞ വർഷം വിരമിച്ച ഫാ. തോമസ് കോട്ടൂർ തെള്ളകം ബിടിഎം ഹോമിലും, സിസ്റ്റർ സെഫി കൈപ്പുഴ സെന്റ് ജോസഫ്സ് മഠത്തിലുമായിരുന്നു താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |