കൊച്ചി: തീയറ്ററുകൾ തുറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ സോഷ്യൽ മീഡിയാ പോസ്റ്റ് വഴി പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് താൻ ഇന്നലെ ഒരു പോസ്റ്റിട്ടിരുന്നു എന്നും താമസിയാതെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ തീരുമാനമെടുത്തതിൽ താൻ അദ്ദേഹത്തിന് സല്യൂട്ട് നൽകുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 'പറയേണ്ടവർ പറഞ്ഞാൽ കേൾക്കേണ്ടവർ കേൾക്കും'മെന്നും ഇക്കാര്യം ഇത്രയും പെട്ടെന്ന് നടപ്പിലാക്കുമെന്ന് താൻ കരുതിയിലെന്നും ജോയ് മാത്യു പറയുന്നുണ്ട്.
പോസ്റ്റ് ചുവടെ:
'ഇത്ര പെട്ടെന്ന് നടക്കുമെന്ന് വിചാരിച്ചില്ല. ഇതാണ് പറയേണ്ടവർ പറഞ്ഞാൽ കേൾക്കേണ്ടവർ കേൾക്കും എന്ന് പറയുന്നത്. ഇന്നലെ ഒരു പോസ്റ്റ് ഇട്ടതേയുള്ളൂ, ഇന്ന് മുഖ്യമന്ത്രി തീരുമാനമാക്കി. അതിനുകിടക്കട്ടെ മുഖ്യമന്ത്രിക്കൊരു സല്യൂട്ട് (പക്ഷെ കുട്ടിസഖാക്കൾ സമ്മതിച്ചു തരില്ല).'
ഇന്നലെ സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കാത്തതുമായി ബന്ധപ്പെട്ട് ജോയ് മാത്യു ഒരു തന്റെ ഫേസ്ബുക്ക് പേജ് വഴി ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു, 'വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളു'മെല്ലാം തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ടും എന്തുകൊണ്ടാണ് സിനിമാശാലകൾ തുറക്കാത്തതെന്നാണ് നടൻ തന്റെ കുറിപ്പിലൂടെ ചോദിച്ചത്. ഇക്കാര്യത്തിൽ സിനിമാ സംഘടനകൾ ബാറുടമകളിൽ നിന്നുമാണ് പാഠമുൾക്കൊള്ളേണ്ടതെന്നും ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ അവർ അനുമതി സംഘടിപ്പിച്ചത് എങ്ങനെയാണെന്ന് മനസിലാക്കേണ്ടതുണ്ടെന്നും ജോയ് മാത്യു പറഞ്ഞിരുന്നു.
ജോയ് മാത്യു ഇന്നലെ പോസ്റ്റ് ചെയ്ത കുറിപ്പ് ചുവടെ:
'സിനിമാ തിയറ്റർ മുതലാളിമാരെ എന്തിന് കൊള്ളാം? കൊവിഡ് -19 എന്ന മഹാമാരിയെ പ്പേടിച്ച് പൊതുയിടങ്ങൾ എല്ലാം കൊട്ടിയടച്ച കൂട്ടത്തിൽ സിനിമാശാലകളും അടച്ചു. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ആയിരക്കണക്കിന് മനുഷ്യർ തൊഴിലും വരുമാനവും ഇല്ലാത്തവരായി. ഇപ്പോൾ കാര്യങ്ങൾ നേരെയായിത്തുടങ്ങിയിരിക്കുന്നു. വിദ്യാലയങ്ങളും കച്ചവട കേന്ദ്രങ്ങളും കള്ളുഷാപ്പുകളും ആരാധനാലയങ്ങളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. കൊറോണയെപ്പേടിച്ചു വീട്ടിലിരുന്നവരിൽ എൺപത് ശതമാനവും വോട്ട് ചെയ്യാനെത്തി.
എന്നിട്ടും സിനിമാശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകാത്തത് എന്തുകൊണ്ടായിരിക്കാം? തമിഴ് നാട്ടിലും കർണാടകയിലും തിയറ്ററുകൾ തുറന്ന് പ്രദർശനങ്ങൾ ആരംഭിച്ചു എന്നാണറിയുന്നത് .കൊറോണക്കാലത്ത് മദ്യപന്മാരെ പിഴിയാൻ കഴിയാതിരുന്ന ബാർ മുതലാളിമാർക്ക് അമിത വിലയിൽ മദ്യം വിളമ്പി നഷ്ടം തിരിച്ചുപിടിക്കാൻ കാണിച്ച സന്മനസിന്റെ പാതിയെങ്കിലും തിയറ്റർ നടത്തിപ്പുകാരോട് കാണിച്ചുകൂടെ?
വിനോദ നികുതിയിനത്തിൽ ലഭിക്കുന്ന ഭീമമായ വരുമാനത്തിന്റെ കാര്യം അധികാരികൾ മറന്നുപോയോ?
സിനിമാ സംഘടനകൾ പലതുണ്ട് പക്ഷെ സാമാന്യ ബോധമുള്ളവർ അതിൽ ആരുമില്ലെന്നോ? ഇനിയെങ്കിലും മനസ്സിലാക്കുക ബാർ ഉടമകളിൽ നിന്നാണ് പലതും പഠിക്കാനുള്ളത്. എങ്ങിനെയാണ് അവർ ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി സംഘടിപ്പിച്ചത് ? ഇതെങ്ങിനെ സാധിച്ചെടുത്തു?ഇതിന്റെ ഗുട്ടൻസ് എന്താണ്? ഇത്രയും പൊതുവിജ്ഞാനം പോലും ഇല്ലാത്തവരെപ്പിടിച്ചു സംഘടനയുടെ തലപ്പത്ത് ഇരുത്തിയവരെ സമ്മതിച്ചേ പറ്റൂ.
അതോ ബാറിലിരുന്നാൽ വരാത്ത വൈറസ് തീയറ്ററിലെത്തുമെന്ന് നാസാ കണ്ടുപിടിച്ചോ?'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |