തന്റെ മകൾ വീണയും ഡിവൈഎഫ്ഐ അഖിലേന്ത്യാ അദ്ധ്യക്ഷൻ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹത്തിന് പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തെക്കുറിച്ച് താൻ റിയാസിനോടും വീണയോടും ചോദിച്ചിട്ടില്ലെന്നും അത് അവർ ഒരു ജീവിതാനുഭവമായി കണക്കാക്കിയിട്ടുണ്ടാകും എന്നാണ് താൻ കരുതുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു മലയാളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മുഖ്യമന്ത്രി മനസുതുറന്നത്.
'രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്ന സമ്പ്രദായത്തിന് അറുതിവരുത്തേണ്ടതുണ്ട്. കുട്ടികള്‍ അതും ഒരു ജീവിതാനുഭവമായി കണക്കാക്കിയിട്ടുണ്ടാവുമെന്നാണു ഞാന്‍ കരുതുന്നത്. ആദ്യമാദ്യം വേദനിച്ചിട്ടുണ്ടാവും. പിന്നെപ്പിന്നെ ജീവിതത്തില്‍ പരുക്കന്‍ വശങ്ങളെ നേരിടാനുള്ള കരുത്തായി അതു മനസ്സില്‍ മാറിയിട്ടുണ്ടാവും. അതേക്കുറിച്ച് ഞാന്‍ ചോദിച്ചിട്ടില്ല.'-അദ്ദേഹം പറഞ്ഞു.
തന്റെ ഭാര്യയുടെ പേരിലുണ്ടായ ആരോപണങ്ങളെ കുറിച്ചും 'കമല ഇന്റർനാഷണൽ' കഥകളെ കുറിച്ചും അദ്ദേഹം അഭിമുഖത്തിലൂടെ പ്രതികരിച്ചു. എത്രയൊക്കെ ഏജൻസികൾ അന്വേഷിച്ചിട്ടും 'കമല ഇന്റർനാഷണൽ' പോയിട്ട് 'കമ' എന്ന് വാക്ക് പോലും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും മടിയിൽ കനമില്ലാത്തവന് ഭയക്കേണ്ടതില്ല എന്ന് താൻ പറയാറില്ലേയെന്നും ആദ്ദേഹം ചോദിച്ചു.
കമല കമ്യൂണിസ്റ്റുകാരന്റെ ഭാര്യയാണെന്നും പൂവിരിച്ച പാതകളിലൂടെയാവില്ല യാത്രയെന്ന് അവര്‍ക്ക് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 'അവര്‍ കമ്യൂണിസ്റ്റുകാരന്റെ ഭാര്യയല്ലേ. അവര്‍ക്കറിയാം ഇതും ഇതിലപ്പുറവും കേള്‍ക്കേണ്ടിവരുമെന്ന്. വിവാഹം ചെയ്യുന്ന കാലത്തുതന്നെ ഞാന്‍ മുഴുവന്‍ സമയ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനാണ്. കമല, ഒഞ്ചിയം സമരസേനാനിയായിരുന്ന ആണ്ടിമാസ്റ്ററുടെ മകളും പാര്‍ട്ടി കുടുംബാംഗവും. അസത്യങ്ങള്‍ തുടരെ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. അവരെ അത് ക്ഷീണിപ്പിച്ചിട്ടില്ല.'-മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |