തിരുവനന്തപുരം: ലൈഫ് മിഷൻ കേസിലെ കോടതി വിധി സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതിന് ലഭിച്ച മറുപടിയാണിത്. ഇരുപത് കോടിയുടെ പദ്ധതിക്ക് ഒമ്പതര കോടിയാണ് കമ്മിഷൻ വാങ്ങിയത്. സി ബി ഐ എത്രയും വേഗം അന്വേഷണവുമായി മുന്നോട്ട് പോകണമെന്നും കൊളളക്കാർക്ക് മാതൃകപരമായ ശിക്ഷ വാങ്ങി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അഴിമതിയിൽ മുങ്ങിക്കുളിച്ച ഒരു സർക്കാരാണിത്. സർക്കാരിനെ വെളളപൂശാനുളള ശ്രമമാണ് മുഖ്യമന്ത്രിയുടേത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ചെറിയൊരു മുന്നേറ്റം ഉണ്ടായെന്ന് കരുതി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ചെറുപ്പക്കാരെ വഞ്ചിച്ച് ഇഷ്‌ടക്കാരെയും സ്വന്തക്കാരേയും അനധികൃതമായി നിയമിക്കുകയാണ് പലയിടത്തും ഈ സർക്കാർ ചെയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ചലച്ചിത്ര സംവിധായകൻ കമലിന്റെ കത്ത് ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ പരാമർശം.
പാർട്ടിക്ക് താത്പര്യമുളളവരെ മാത്രം പ്രധാന സ്ഥാനങ്ങളിൽ കുത്തിനിറച്ച് ഈ സർക്കാർ അതിന്റെ അവസാന സമയത്ത് പാർട്ടി താത്പര്യങ്ങൾ മാത്രം സംരക്ഷിക്കുകയാണ്. ഇടതുപക്ഷ അനുഭാവികളെ ചലച്ചിത്ര അക്കാദമിയിൽ കുത്തികയറ്റാനുളള ശ്രമമാണ്. ചലച്ചിത്ര അക്കാദമി എ കെ ജി സെന്ററിന്റെ പോഷക സംഘടനയാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കെൽട്രോണിലും സർവകലാശാലകളിലും കിലയിലും അടക്കം നിരവധി സ്ഥാപനങ്ങളിൽ ചട്ടങ്ങൾ മറികടന്ന് ആളുകളെ ജോലിക്ക് കുത്തികയറ്റുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |