ന്യൂഡൽഹി: കൊവിഷീൽഡ് വാക്‌സിന്റെ ആദ്യത്തെ പത്ത് കോടി ഡോസുകൾ 200 രൂപയ്‌ക്ക് ഇന്ത്യയിൽ നൽകുമെന്ന് ഉത്പാദകരായ സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഇൻസ്റ്റിറ്റ്യൂട്ട് മേധാവി ആദാർ പൂനവാലയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് പ്രത്യേക തുകയ്‌ക്ക് വാക്‌സിൻ നൽകുന്നതെന്നും പൂനവാല പറഞ്ഞു. മറ്റുളളവർക്ക് ആയിരം രൂപയ്‌ക്കായിരിക്കും വാക്‌സിൻ വിൽപ്പന നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണക്കാരെയും ദരിദ്രരെയും ആരോഗ്യപ്രവർത്തകരെയും സഹായിക്കുന്നതിന് സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് 200 രൂപയ്‌ക്ക് വാക്‌സിനുകൾ നൽകുന്നത്. അതിനു ശേഷം ഡോസിന് ആയിരം രൂപ പ്രകാരം വിപണിയിൽ വാക്‌സിൻ ലഭ്യമാക്കുമെന്നും പൂനവാല പറഞ്ഞു.
'വാക്‌സിൻ യാഥാർത്ഥ്യമാക്കുന്നതിന് കഴിഞ്ഞ ഏതാനും മാസങ്ങളായി തങ്ങളുടെ സംഘം കഠിനമായി പ്രയത്‌നിക്കുകയായിരുന്നു. നിരവധി രാജ്യങ്ങൾ വാക്‌സിനു വേണ്ടി സമീപിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളടക്കം വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിൻ നൽകുന്നതിനുളള ശ്രമമാണ് നടത്തുന്നതെന്നും പൂനവാല പറഞ്ഞു.'
ജനുവരി 16ന് വാക്‌സിനേഷൻ ആരംഭിക്കാനിരിക്കെ ചൊവ്വാഴ്‌ച രാവിലെ ആദ്യത്തെ ലോഡ് വാക്‌സിൻ പൂന്നെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രാജ്യത്തെ 13 ഇടങ്ങളിലേക്ക് അയച്ചു. ഓക്‌സ്‌ഫോർഡ് സർവകലാശാലയും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച വാക്‌സിനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. ഇതു കൂടാതെ ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവാക്‌സിനും ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |