തൃശൂർ: ഖത്തറിൽ നിന്നും അഞ്ച് വർഷങ്ങൾക്ക് മുൻപ് കളഞ്ഞുകിട്ടിയ മാലയും രത്നമോതിരവും ഉടമയെ കണ്ടെത്തി തിരികെ നൽകി മലയാളി യുവാവ്. കൊടുങ്ങല്ലൂർ പി. വെമ്പല്ലൂർ മാമ്പി ബസാർ പുതിയ വീട്ടിൽ ബാവുവിന്റെ മകൻ ഷെഫീറാണ് ഈ നല്ല കൃത്യം ചെയ്തത്. അഞ്ചുവർഷം മുമ്പാണ് തമിഴ്നാട് സ്വദേശിയായ കാർത്തിക് കൃഷ്ണകുമാറിന്റെ അഞ്ച് പവന്റെ മാലയും ഒരു പവന്റെ രത്നമോതിരവുമടങ്ങുന്ന പെട്ടി ഖത്തറിൽ വച്ച് നഷ്ടമായത്.
ഏറെനാൾ ഈ പെട്ടിക്ക് വേണ്ടി കാർത്തിക് തിരച്ചിൽ നടത്തിയിരുന്നെങ്കിലും അത് തിരികെ കിട്ടിയില്ല. ഏതാനും ദിവസങ്ങൾക്ക് ശേഷം കാർത്തിക് ഖത്തർ വിട്ടു പോകുകയും ചെയ്തു. ശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞ് കാർത്തിക് അന്ന് യാത്ര ചെയ്ത കാർ വിൽക്കുന്നതിന്റെ ഭാഗമായ പരിശോധനക്കിടയിൽ ഡിക്കിയിലെ സ്റ്റെപ്പിനി ടയറിനടിയിൽനിന്ന് കാർത്തിക്കിന് നഷ്‌ടമായ പെട്ടി ഷെഫീറിന് കണ്ടുകിട്ടി. എന്നാൽ ഉടമസ്ഥനെ കുറിച്ച് അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.
ഒടുവിൽ പെട്ടിയുടെ ഉടമസ്ഥനെ കണ്ടെത്തുന്നതിനായി മാലയുടെയും മോതിരത്തിന്റെയും ഫോട്ടോകൾ ഷെഫീർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. തുടർന്ന് അനേകം ആളുകൾ അത് ചെയ്യുകയും ചെയ്തു. പോസ്റ്റ് വൈറലായതോടെ ബഹ്‌റൈനിലുള്ള കാർത്തിക് വിവരമറിഞ്ഞ് അന്വേഷിച്ചെത്തുകയായിരുന്നു. ഒടുവിൽ ഇക്കഴിഞ്ഞ ചൊവാഴ്ച മതിലകം പൊലീസ് സ്റ്റേഷനിൽ വച്ച് എസ്‌ഐയുടെ സാന്നിദ്ധ്യത്തിൽ കാർത്തികിന്റെ സുഹൃത്തായ മിഥുന് ഷെഫീർ ആഭരണം കൈമാറുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |