ലഖ്നൗ : ഇന്ത്യയിൽ വികസിപ്പിച്ച കൊവിഡ് വാക്സിനുകളിൽ വിശ്വാസം ഇല്ലാത്ത മുസ്ലീങ്ങൾ പാകിസ്ഥാനിലേക്ക് പോകട്ടേയെന്ന ആക്രോശവുമായി ബി ജെ പി നേതാവ്. ഉത്തർപ്രദേശിലെ സർദാനയിൽ നിന്നുള്ള എം എൽ എയായ സംഗീത സിംഗ് സോം ആണ് വിവാദ പ്രസ്താവന നടത്തിയത്. രാജ്യത്തെ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിശ്വസിക്കാത്ത മുസ്ലീംങ്ങൾ പാകിസ്ഥാനിലേക്ക് പോകട്ടേ എന്നാണ് ആദ്ദേഹം ആക്രോശിച്ചത്.
'ചില മുസ്ലീങ്ങൾ നമ്മുടെ രാജ്യത്തെയും നമ്മുടെ ശാസ്ത്രജ്ഞരെയും നമ്മുടെ പോലീസ് സേനയെയും പ്രധാനമന്ത്രി മോദിയെയും വിശ്വസിക്കാത്തത് നിർഭാഗ്യകരമാണ്. അവരുടെ ആത്മാവ് പാകിസ്ഥാന്റേതാണ്. അവർ പാകിസ്ഥാനിലേക്ക് പോകണം, നമ്മുടെ ശാസ്ത്രജ്ഞരുടെ പ്രവർത്തനങ്ങളിൽ സംശയം ജനിപ്പിക്കരുത്,' ഇങ്ങനെ പോകുന്നു സംഗീത സിംഗ് സോമിന്റെ വാക്കുകൾ. കൊവിഡ് വാക്സിനുകളിൽ പന്നിയിറച്ചി ഉപയോഗിക്കുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇത് വെറും വ്യാജപ്രചരമാണെന്ന് അധികാരികൾ തന്നെ വ്യക്തമാക്കിയിരുന്നു.
കൊവിഡ് ഭീതി തുടരവേ രാജ്യം വാക്സിനേഷൻ നടപടികളിലേക്ക് കടന്നിരിക്കുകയാണിപ്പോൾ. ജനുവരി 16 ന് രാജ്യവ്യാപകമായി കുത്തിവയ്പ്പ് ആരംഭിക്കും. ആരോഗ്യപ്രവർത്തകരുൾപ്പടെ മൂന്ന് കോടിയാളുകൾക്കാണ് ആദ്യ ഘട്ടത്തിൽ കുത്തിവയ്‌പ്പെടുക്കുക. ഇതിന്റെ തുക പൂർണമായും കേന്ദ്രം വഹിക്കും. രണ്ട് വാക്സിനുകൾക്കാണ് നിലവിൽ ഡി സി ജി ഐ അംഗീകാരം നൽകിയിരിക്കുന്നത്. സെറം ഇൻസ്റ്റിറ്റിയൂട്ട് നിർമ്മിക്കുന്ന ഓക്സ്‌ഫോർഡിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിൻ എന്നിവയാണവ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |