ചെന്നൈ: പെൺകുട്ടി ലൈംഗികതയെ കുറിച്ച് തുറന്നു പറയുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ മൂന്ന് യൂട്യൂബർമാർ അറസ്‌റ്റിൽ. തമിഴ് യൂട്യൂബ് ചാനലിന്റെ ചെന്നൈ ടോക്ക് എന്ന പരിപാടിയിലെ വീഡിയോ ആണ് വിവാദങ്ങൾക്ക് കാരണമായത്. സെക്‌സ്, സ്വയംഭോഗം, മദ്യപാനം എന്നിവയെക്കുറിച്ച് പറയുന്ന പെൺകുട്ടിയുടെ വിഡിയോ ആണ് വൈറലായത്. തുടർന്ന് ആളുകളിൽ നിന്ന് പരാതി ലഭിച്ചതോടെ ചാനലിന്റെ നടത്തിപ്പുകാരെ പൊലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
വിവിധ വിഷയങ്ങളിൽ ആളുകളെ അഭിമുഖം ചെയ്യുന്നതിന്റെ ഇരുന്നൂറിൽ അധികം വീഡിയോകളാണ് ചാനലിലുണ്ടായിരുന്നത്. ഇതിൽ നിരവധി വീഡിയോകളിൽ പറയുന്നത് ലൈംഗികതയെക്കുറിച്ചാണ്. ലൈംഗികതയെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും പ്രണയബന്ധത്തെക്കുറിച്ചുമെല്ലാം നിരവധി സ്ത്രീകളാണ് തുറന്നു സംസാരിക്കുന്നത്.
ബെസന്ത് നഗർ ബീച്ചിലാണ് വീഡിയോകൾ ചിത്രീകരിക്കുന്നത് എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ബീച്ചിൽ എത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചാനലിന്റെ ഉടമയായ ദിനേഷ് (31), വെജെ അസെൻ ബാദ്ഷാ (23), കാമറാമാൻ അജയ് ബാബു (24) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
ബീച്ചിൽ എത്തുന്ന പെൺകുട്ടികളെ സമീപിച്ച് ഏതെങ്കിലും വിഷയത്തിൽ അവരുടെ അഭിപ്രായം ചോദിക്കുകയാണ് ഇവർ ചെയ്യുക. തുടർന്ന് അവരുടെ സ്വകാര്യകാര്യങ്ങൾ ചോദിക്കുകയും ലൈംഗികജീവിതത്തെക്കുറിച്ച് സംസാരിപ്പിക്കുകയുമാണ് ഇവർ ചെയ്യുന്നതെന്നും പൊലീസ് പറഞ്ഞു. പൊതു ഇടത്തിലെ അശ്ലീല പ്രകടനം, ലൈംഗിക പീഡനം എന്നീ വകുപ്പുകളാണ് ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |