കൊച്ചി: വടിവാൾ വിനീത് എന്ന കൊടുംകുറ്റവാളി പിടിയിലായതിന്റെ ആശ്വാസത്തിലാണ് കേരള പൊലീസ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ആശ്വാസം പൊലീസിനു മാത്രമല്ല, ഹൈവേകളിൽ രാത്രി വൈകി യാത്ര ചെയ്യേണ്ടി വരുന്നവർക്കും വിനീതിന്റെ അറസ്‌റ്റ് അക്ഷരാർത്ഥത്തിൽ ആശ്വാസം പകരുകയാണ്. രാത്രി വൈകി സഞ്ചരിക്കുന്നവരെ വാഹനം തടഞ്ഞോ കൈ കാണിച്ചോ നിർത്തിയ ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്നതാണ് പതിവ്. വടിവാൾ വീശി പ്രഭാതസവാരിക്കാരുടെ ആഭരണങ്ങളും പണവും തട്ടുകയും ചെയ്യും. ഇങ്ങനെയാണു പേരിനൊപ്പം 'വടിവാൾ' കൂടി ചേർന്നത്.
പൊലീസിന്റെ പിടിയിലായാൽ കടുത്ത അവശത അഭിനയിക്കുകയാണ് വിനീതിന്റെ രീതി. നാട്ടുകാരിൽ നിന്നു മറ്റും ദേഹോപദ്രവം ഏൽക്കുന്നത് ഒഴിവാക്കാനാണ് ഈ തന്ത്രം. ഇന്നലെ പിടിയിലായപ്പോഴും ഇതു പുറത്തെടുത്തു. ബോധരഹിതനായതു പോലെ അഭിനയിച്ചെങ്കിലും വിജയിച്ചില്ല. എന്നാൽ, മുന്നിൽ വന്നു പെടുന്ന ഇരകളോട് ഒരു കാരുണ്യവും വിനീത് കാണിക്കാറില്ല. ക്രൂരമായി ഉപദ്രവിക്കും.സൈക്കിൾ മോഷ്ടിക്കുക, ആ സൈക്കിൾ പകരം വച്ചു ബൈക്ക് മോഷ്ടിക്കുക, യാത്രക്കാരനെ കത്തി കാട്ടി കൊള്ളയടിച്ചു കാറും സ്വർണവും മൊബൈൽ ഫോണും കൊള്ളയടിക്കുക. ഇതായിരുന്നു രീതി.
പൊലീസ് പിടിയിലായ കാമുകി ഷിൻസിയെ രക്ഷപ്പെടുത്താനായുള്ള പണത്തിനു വേണ്ടിയാണു വിനീത് കൊല്ലത്തു തമ്പടിച്ചത്.
പാരിപ്പള്ളിയിൽ രജിസ്റ്റർ ചെയ്‌ത കേസിൽ ജാമ്യത്തിനും വക്കീൽ ഫീസിനും മറ്റുമായി പണം കണ്ടെത്താനാണ് വിനീത് കൊല്ലത്തു തന്നെ നിലയുറപ്പിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |