മുംബയ്: മുംബയ് ടി.ആർ.പി തട്ടിപ്പുകേസിൽ അറസ്റ്റിലായ ബാർക്ക് മുൻ സി.ഇ.ഒ പാർത്തോദാസ് ഗുപ്തയെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ചതിനെ തുടർന്ന് മുംബയിലെ ജെ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നവി മുംബയിലെ ലോജ സെൻട്രൽ ജയിലിൽ നിന്ന് ശനിയാഴ്ച പുലർച്ചെയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഓക്സിജൻ നൽകുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പാർത്തോദാസ് ഗുപ്തയും ടി.ആർ.പി തട്ടിപ്പുകേസിലെ മറ്റൊരു പ്രതിയായ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമിയും തമ്മിൽ നടത്തിയതായി പറയുന്ന വാട്സാപ്പ് ആശയവിനിമയത്തിന്റെ രേഖകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അർണബും റിപ്പബ്ലിക് ടി.വി.യും നൽകിയ ഹർജികൾ ബോംബെ ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് തട്ടിപ്പിൽ അർണബിന് പങ്കുണ്ടെന്നതിന്റെ സൂചന നൽകുന്ന വാട്സാപ്പ് ചാറ്റ് വിവരങ്ങൾ പുറത്തുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |