തിരുവനന്തപുരം: ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കെ.എസ്.ആർ.ടി.സി പുനരുദ്ധാരണ പദ്ധതികൾ വിജയിച്ചാൽ നേട്ടം രണ്ടാണ്. ഒന്ന്- ടിക്കറ്റ് നിരക്ക് കുറയും. രണ്ട്- ഓണത്തോടെ ജീവനക്കാരുടെ ശമ്പളത്തിൽ വർദ്ധന ഉണ്ടാകും.
ടിക്കറ്റിതര വരുമാനം കൂട്ടി നഷ്ടം മൂന്നു വർഷം കൊണ്ട് ഇല്ലാതാക്കുക, പൊതുഗതാഗതം എല്ലായിടത്തും ലഭ്യമാക്കുന്നതോടൊപ്പം ടിക്കറ്റ് നിരക്ക് കുറയ്ക്കുക, ചില വിഭാഗങ്ങൾക്ക് സൗജന്യ യാത്ര സാദ്ധ്യമാക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. ശമ്പളം നൽകാൻ സർക്കാരിൽ നിന്നാണ് പണം വാങ്ങുന്നത്. ലാഭത്തിലേക്കു പോകുമെന്ന് കണ്ടാൽ ശമ്പള പരിഷ്‌കരണത്തിന് സർക്കാർ അനുവാദം നൽകും. സ്വിഫ്ട് രൂപീകരിക്കുന്നതോടൊപ്പം കോർപറേഷൻ ഉയിർത്തെഴുന്നേറ്റാൽ ഓണത്തിന് 10 മുതൽ 30 ശതമാനം വരെ ശമ്പള വർദ്ധന ശുപാർശ ചെയ്യാനാണ് മാനേജ്മെന്റ് തീരുമാനം.
പ്രതിഷേധവുമായി സംഘടനകൾ
കെ.എസ്.ആർ.ടി.സിയിലെ തട്ടിപ്പും ക്രമക്കേടും തുറന്നുപറഞ്ഞ സി.എം.ഡി ബിജു പ്രഭാകറിനെതിരെ പ്രതിഷേധവുമായി ഐ.എൻ.ടി.യു.സി തൊഴിലാളി സംഘടന. തമ്പാനൂർ സ്റ്റാൻഡിൽ നിന്ന് തുടങ്ങിയ പ്രതിഷേധമാർച്ച് ട്രാൻസ്‌പോർട്ട് ഓഫീസിന് മുന്നിൽ അവസാനിച്ചു. തൊഴിലാളികളെ പിരിച്ചുവിടുമെന്ന് പറയുന്നവരെല്ലാം കെ.എസ്.ആർ.ടി.സിയിൽ നിന്ന് പോകുന്നതാണ് അനുഭവമെന്നും തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്നും ടി.ഡി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. ശശിധരൻ അറിയിച്ചു. ഭരണ പരാജയം മറച്ചുവയ്ക്കാനാണ് തൊഴിലാളികളെ പഴി പറയുന്നതെന്ന് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് പ്രസ്താവനയിൽ പറഞ്ഞു.
അടച്ചാക്ഷേപിച്ചില്ല: ബിജു പ്രഭാകർ
വാർത്താസമ്മേളനത്തിൽ ചില പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് പിന്നീട് ബിജു പ്രഭാകർ വിശദീകരിച്ചു. അഞ്ചുശതമാനം ജീവനക്കാർ കുഴപ്പക്കാരാണ്. അതാണ് പറഞ്ഞത്. ഇവർക്കെതിരെ നടപടി ഉണ്ടാകും. യൂണിയനുകളുമായി പ്രശ്‌നമില്ല. എളമരം കരീമിന്റെ വിമർശനം താൻ പറഞ്ഞത് കേൾക്കാതെയാണെന്ന് കരുതുന്നു. എക്‌സി. ഡയറക്ടർ കെ.എം ശ്രീകുമാർ 100 കോടി വെട്ടിച്ചെന്ന് പറഞ്ഞിട്ടില്ല. കെ.എസ്.ആർ.ടി.സിയുടെ 100 കോടി രൂപ കാണാനില്ല. ഇതിന്റെ പേരിലാണ് ശ്രീകുമാറിനെതിരെ നടപടിയെന്നും സി.എം.ഡി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |