തൊടുപുഴ: ശബരിമല ഡ്യൂട്ടിക്കെത്തിയ റവന്യു വകുപ്പ് ഉദ്യോഗസ്ഥൻ പമ്പയിൽ ഹൃദയാഘാതം മൂലം മരിച്ചു. തൊടുപുഴ ലാൻഡ് അക്വിസിഷൻ ഓഫീസിലെ റവന്യു ഇൻസ്‌പെക്ടർ തൊടുപുഴ പെരുമ്പള്ളിച്ചിറ പുതുപ്പറമ്പിൽ ജി. അഭിലാഷാണ് (47) മരിച്ചത്. ജനുവരി 11 നാണ് ഇദ്ദേഹം പമ്പയിൽ ജോലിക്കെത്തിയത്. 17ന് രാത്രി ഭക്ഷണം കഴിച്ച ശേഷം മുറിയിൽ വിശ്രമിക്കാനായി പോയ അഭിലാഷിനെ 18ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പമ്പ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ് മോർട്ടത്തിന് അയച്ചു. ഹൃദയാഘാതംമൂലം മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് തൊടുപുഴ തഹസിൽദാർ കെ.എം. ജോസുകുട്ടി, എൽ.ആർ. തഹസിൽദാർ വി.ആർ. ചന്ദ്രൻപിള്ള, ഹെഡ്ക്വാർട്ടേഴ്‌സ് തഹസിൽദാർ ഒ.എസ്. ജയകുമാർ എന്നിവരും ബന്ധുക്കളും കോട്ടയം മെഡിക്കൽ കോളേജിലെത്തി. രജിസ്‌ട്രേഷൻ വകുപ്പിലെ സീനിയർ ക്ലാർക്ക് സിനി സുകുമാരനാണ് ഭാര്യ. മക്കൾ: അഭിരാമി, ആദിത്യ (ഇരുവരും വിദ്യാർത്ഥികൾ). കാരിക്കോട്, ഭരണങ്ങാനം വില്ലേജ് ഒാഫീസുകൾ, തൊടുപുഴ താലൂക്ക് ഓഫീസ്, ലാൻഡ് ട്രൈബ്യൂണൽ ഒാഫീസ് എന്നിവിടങ്ങളിൽ അഭിലാഷ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് പെരുമ്പിള്ളിച്ചിറ വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |