ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ തുരത്താൻ അയൽരാജ്യങ്ങൾക്ക് ആശ്രയമായി ഇന്ത്യ. ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ളാദേശ്, നേപ്പാൾ, മ്യാൻമാർ,സീഷെൽസ്,ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ,മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിർമ്മിച്ച കൊവിഡ് വാക്‌സിൻ തയ്യാറായിക്കഴിഞ്ഞു. ഇന്ന് ഭൂട്ടാനിലേക്കും മാലിദ്വീപിലേക്കും വാക്‌സിൻ എത്തിക്കും. മറ്റ് രാജ്യങ്ങൾ അനുമതി നൽകുന്നതിനനുസരിച്ച് അവ ഉടൻ തന്നെ എത്തിക്കും.
ഒരുലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനാണ് മാലിദ്വീപിൽ ഇന്ന് എത്തുക. സെറം ഇൻസ്‌റ്റിറ്റ്യൂട്ടാണ് വാക്‌സിൻ നിർമ്മിച്ചിരിക്കുന്നത്. ഇതിനൊപ്പം ഭൂട്ടാനിലും ഇന്നുതന്നെ വാക്‌സിൻ എത്തിക്കും. 'വാക്‌സിൻ മൈത്രി' എന്നാണ് ഈ വിതരണ പ്രക്രിയയ്‌ക്ക് കേന്ദ്ര സർക്കാർ നൽകുന്ന പേര്.
'വാക്‌സിൻ മൈത്രി'യിൽ പക്ഷെ പാകിസ്ഥാൻ ഉൾപ്പെട്ടിട്ടില്ല. രാജ്യത്ത് വാക്‌സിൻ എത്തിക്കാൻ മറ്റ് രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകൾ നടത്തുകയാണ് പാകിസ്ഥാൻ സർക്കാർ. വാക്‌സിൻ വിതരണയജ്ഞത്തിൽ ഇന്ത്യയെ പങ്കാളിയാക്കിയ രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. 'വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിൻ വിതരണം നാളെ ആരംഭിക്കും. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് വാക്‌സിൻ വിതരണം ചെയ്യും.' പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. കൊവിഡ് പ്രതിസന്ധിയെ മറികടക്കാനുളള പ്രവർത്തനം വാക്‌സിൻ വിതരണത്തിലൂടെ ആരംഭിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കറും അറിയിച്ചു.
വിവിധ രാജ്യങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കും, കൊവിഡ് മുൻനിര പോരാളികൾക്കും, ഗുരുതര രോഗം ബാധിച്ചവർക്കും ആദ്യ ഘട്ടമായി വാക്‌സിൻ നൽകും. ഇന്ത്യയിലെ പോലെ ഘട്ടംഘട്ടമായാകും വാക്‌സിൻ വിതരണം. കൊവിഡ് രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ വിവിധ രാജ്യങ്ങളിൽ പ്രതിരോധ ഔഷധമായ ഹൈഡ്രോക്‌സി ക്ളോറോക്വിൻ, റെംഡെസിവിർ, പാരസെറ്റമോൾ എന്നിവയും രോഗ നിർണയ കിറ്റുകൾ, വെന്റിലേറ്ററുകൾ, മാസ്‌ക്, കൈയുറ മറ്റ് മെഡിക്കൽ അവശ്യ വസ്‌തുക്കൾ എന്നിവ ഇന്ത്യ വിതരണം ചെയ്‌തിരുന്നു. കൊവിഡ് രോഗ നിയന്ത്രണത്തിന് പ്രവർത്തകർക്ക് പരിശീലനം നൽകാനും ഇന്ത്യ മുൻനിരയിൽ തന്നെയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |