നിരവധി കാർഷികോത്പന്നങ്ങൾ വൻതോതിൽ ഉത്പാദിപ്പിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ. എന്നിട്ടും, ഇവിടെ കർഷകർ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നു. വരുമാനത്തിന്റെ പ്രവചനാനീത സ്വഭാവം, ഉത്പന്നങ്ങൾക്ക് ആവശ്യക്കാരെ കണ്ടെത്താനുള്ള പ്രയാസം എന്നിവ കാലങ്ങളായി കർഷകർ നേരിടുന്ന പ്രശ്‌നങ്ങളാണ്.
ദേശീയ ഉത്പന്ന എക്‌സ്‌ചേഞ്ചുകൾ നിലവിൽ വന്നത്, കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് ശരിയായ വില കണ്ടെത്താനും ആശങ്കകൾ ഒഴിവാക്കാനും സഹായകമായി. എന്നാൽ, ഇന്ത്യൻ ഉത്‌പന്ന വിപണിയിൽ ഇപ്പോഴും കർഷക പങ്കാളിത്തം നന്നേ കുറവാണ്.
സംഭരണ സൗകര്യം
മെച്ചപ്പെടുത്തണം
മിക്കവാറും ഉത്പന്നങ്ങളുടെ ഓഹരി വിലപേശൽ വ്യാപാരം നടക്കുന്നത് അവ എത്തിച്ചുകൊണ്ടാണ്. ഡെറിവേറ്റീവ് കരാറനുസരിച്ച് അത് കൃത്യമായി നടപ്പാക്കാനും നിലവാരം ഉറപ്പാക്കാനും കർഷകന് കഴിയണം. എന്നാൽ, ഉത്പന്നങ്ങൾ സൂക്ഷിക്കാൻ ആവശ്യമായ സൗകര്യം ഇല്ലാത്തത് കർഷകർക്ക് വെല്ലുവിളിയാണ്.
വെയർഹൗസിംഗ് ഡെവലപ്‌മെന്റ് ആൻഡ് റെഗുലേറ്ററി അതോറിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത ഗോഡൗണുകൾ മാത്രമേ ഡെറിവേറ്റീവുകൾ കൈകാര്യം ചെയ്യാൻ പരിഗണിക്കപ്പെടൂ. വിപണിയെ സഹായിക്കുന്ന സൂക്ഷിപ്പുപുരകളുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയൊരു ശതമാനം മാത്രമേ ഇത്തരത്തിലുള്ളു. സൂക്ഷിപ്പ് സൗകര്യത്തിന് പുറമെ ഉത്പന്നങ്ങളുടെ തരം തിരിക്കലിനും അവ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനും സൗകര്യമുള്ളവയായിരിക്കണം സംഭരണശാലകൾ അഥവാ വെയർഹൗസുകൾ.
ഓൺലൈൻ വ്യാപാരം
ഉത്പന്ന വിപണിയിൽ ധനകാര്യ സ്ഥാപനങ്ങളുടെ വൻതോതിലുള്ള പങ്കാളിത്തം വില്‍പനയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. എന്നാൽ, ഉത്പന്ന ഡെറിവേറ്റീവ് വിപണിയിൽ സ്ഥാപനങ്ങളുടെ പങ്കാളിത്തം കുറവാണ്. മ്യൂച്വൽഫണ്ടുകൾ ഉൾപ്പെടെ പല സ്ഥാപനങ്ങൾക്കും സെബി ഇതിനായി അനുമതി നൽകിയിട്ടുണ്ടെങ്കിലും കൂടുതൽ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിന് അവസരമുണ്ട്.
പെൻഷൻ ഫണ്ടുകൾ, ഇൻഷ്വറൻസ് കമ്പനികൾ, ബാങ്കുകൾ എന്നിവ ഉൾപ്പെടെ കൂടുതൽ സ്ഥാപനങ്ങൾക്ക് ഉത്പന്ന വിപണിയിൽ പങ്കാളിത്തത്തിന് സർക്കാർ അനുമതി നൽകണം.
വേണം, മെച്ചപ്പെട്ട നിയമം
ഉത്പന്ന വിപണിയിലെ സ്‌പോട്ട് മാർക്കറ്റിൽ സെബിക്ക് പരിമിതമായ നിയന്ത്രണമേയുള്ളു. പല ഉത്പന്നങ്ങളും സംസ്ഥാന പട്ടികയിൽ വരുന്നതിനാൽ എല്ലാത്തിനും ഒരുപോലെ ബാധകമായ നിയമ നിർമ്മാണം എളുപ്പമല്ല. നിയമ പരിഷ്‌കരണങ്ങൾ ഉത്പന്ന വിപണിയിൽ കർഷകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.
വിവരങ്ങളുടെ ഒഴുക്ക്
മെച്ചപ്പെടുത്തണം
ഒരേ ഉത്പന്നങ്ങളുടെ വ്യാപാരത്തിൽ പല വിലകൾ സൃഷ്ടിക്കുന്ന അനേകം വിപണികൾള്‍ ഇന്ത്യയിലുണ്ട്. കർഷകർക്ക് ഇതു സംബന്ധിച്ച വിവരങ്ങൾ എളുപ്പം ലഭ്യമായാൽ ഡെറിവേറ്റീവ് കരാറുകളിൽ ഏർപ്പെടുമ്പോൾ ശരിയായ തീരുമാനത്തിലെത്താം. ഓരോ ഉത്പന്നവും എത്ര അളവിൽ സ്റ്റോക്കുണ്ട് എന്ന കാര്യവും അറിയണം.
ലഭ്യത കുറവായ ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഇതുവഴി സാധിക്കും. ആവശ്യമായ വിവരങ്ങൾ യഥാസമയം ലഭ്യമാകുന്നത് കർഷകർക്ക് വരുടെ ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കാനും സഹായിക്കും.
വിലയന്തരം
കുറയ്ക്കണം
ഉയർന്ന കാര്യക്ഷമതയുള്ള വിപണികളിൽ പറയുന്ന വിലയും ചോദിക്കുന്നതും തമ്മിലുള്ള അന്തരം കുറവായിരിക്കും. അതായത്, പെട്ടെന്നു നടക്കുന്ന വില്‍പനയ്ക്ക് വിൽക്കുന്നയാൾ ചോദിക്കുന്ന വിലയും അതിന് ആവശ്യക്കാരൻ കാണുന്ന വിലയും തമ്മിലുള്ള വ്യത്യാസം വളരെ കുറവായിരിക്കും.
എന്നാൽ, ഉത്പന്ന വിപണികളിൽ ഈ അന്തരം വളരെ വലുതാണ്. കാരണം, ഉത്പാദകന് ലഭിക്കുന്ന വിലയും ഉപഭോക്താവ് നൽകുന്ന വിലയും തമ്മിൽ വലിയ അന്തരമുണ്ട്. ഇടനിലക്കാരെ ഒഴിവാക്കുന്നതിലൂടെ ഈ അകലം ഗണ്യമായി കുറയ്ക്കാമെന്ന് മാത്രമല്ല, ഉത്പന്ന വിപണികളിൽ കർഷകർക്ക് വില്‍പന എളുപ്പവുമാകും.
(ജിയോജിത് ഫിനാൻഷ്യൽ സർവീസസ് അസോസിയേറ്റ് ഡയറക്‌ടറാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |