പത്തനംതിട്ട :തിരുവനന്തപുരത്തേക്ക് സഹകരണ രജിസ്ട്രാറായി സ്ഥലം മാറിപ്പോകുന്ന പ്രിയപ്പെട്ട കളക്ടർ നൂഹ് ബ്രോയുടെ പേരിൽ പത്തനംതിട്ടയുടെ ഹൃദയഭാഗത്ത് ഒരു മാവ് വളരും.റിംഗ് റോഡരികിലെ മാവിന് നാട്ടുകാരിട്ട പേര് "മാംഗോ നൂഹ് ". പി.ബി. നൂഹ് തന്നെയാണ് 'നാട്ടുമരക്കൂട്ടം ' എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇന്നലെ മാവ് നട്ടത്.
സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചപ്പോൾ മുതൽ നൂഹിന് സ്നേഹ സമ്മാനങ്ങളുടെ പ്രവാഹമായിരുന്നു. പത്തനംതിട്ടയിൽ നിന്ന് ഇന്നലെയാണ് അദ്ദേഹം ഔദ്യോഗികമായി പടിയിറങ്ങിയത്.വികസനത്തിന് പെട്ടെന്ന് അടുക്കാനാവാത്ത ജില്ല എന്നായിരുന്നു 2018 ജൂൺ 3 ന് പത്തനംതിട്ട കളക്ടറായി ചുമതലയേറ്റപ്പോൾ കേരളകൗമുദിക്ക് പി.ബി. നൂഹ് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ജനങ്ങളോട് അടുക്കുകയാണ് അവരുടെ പ്രശ്നങ്ങളറിയാനുള്ള എളുപ്പവഴിയെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം വളരെപ്പെട്ടെന്നാണ് ജില്ലയുടെ ചങ്കായത്. സമൂഹമാദ്ധ്യമങ്ങളുടെ സാദ്ധ്യതകൾ നന്നായി പ്രയോജനപ്പെടുത്തി. എല്ലാ പ്രദേശങ്ങളും സന്ദർശിച്ചു. ഒൗപചാരികതകളില്ലാതെ ആർക്കും സമീപിക്കാമെന്നതായിരുന്നു പ്രത്യേകത.മഹാപ്രളയത്തിന്റെ നാളുകളിൽ അദ്ദേഹം സദാ ജനങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.രക്ഷാപ്രവർത്തനത്തിന് പദ്ധതികൾ ആവിഷ്കരിച്ചും ക്യാമ്പുകളിൽ നേരിട്ടെത്തി ആശ്വസിപ്പിച്ചും നൂഹ് കർമ്മനിരതനായി.ശബരിമല സ്ത്രീപ്രവേശന വിധി സംഘർഷഭരിതമായ നാളുകളിൽ സമവായത്തിന് നൂഹ് നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമായിരുന്നു. കൊവിഡ് ഭീതി പടർത്തിയപ്പോൾ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.
. 2020 ൽ സംസ്ഥാനത്തെ മികച്ച കളക്ടർക്കുള്ള അവാർഡ് അദ്ദേഹത്തെ തേടിയെത്തിയത് ജനകീയനായ ജില്ലാ മേധാവിക്കുള്ള അംഗീകാരമായാണ്. ജില്ലാ ഭരണകൂടത്തിന്റെ പതിവുരീതികളിൽ നിന്ന് മാറി നൂഹ് നടത്തിയ പ്രവർത്തനങ്ങൾ ഏറെ ആകർഷിച്ചത് യുവ തലമുറയെയാണ്.
"പത്തനംതിട്ടയുടെ സ്നേഹം മറക്കാനാവില്ല. ഇനിയും തിരിച്ചുവരാൻ ആഗ്രഹിക്കുന്നു "
-പി.ബി. നൂഹ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |