കാട്ടാക്കട: തുറന്ന ജയിലിൽ നിന്നും തടവുചാടിയ കൊലക്കേസ് പ്രതി അറസ്റ്റിൽ. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് പനവിള പുതുവൽ പുത്തൻ വീട്ടിൽ ശ്രീനിവാസൻ(49)ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഡിസംബർ 23നാണ് നെയ്യാർഡാം നെട്ടുകാൽത്തേരി ഓപ്പൺ ജയിലിൽ നിന്നും രണ്ട് കൊലക്കേസ് പ്രതികൾ തടവു ചാടിയത്. ഈ സംഭവത്തിലെ ഒരാളെയാണ് നെയ്യാർഡാം പൊലീസ് പിടികൂടിയത്.
1999ൽ പാലക്കാട് മലമ്പുഴ സ്റ്റേഷൻ പരിധിയിലെ മുണ്ടൂർ എന്ന സ്ഥലത്തുവച്ച് രണ്ടാം ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശ്രീനിവാസൻ ജീവപര്യന്ത ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. ലോക്ക് സൗൺ സമയത്ത് ഓപ്പൺ ജയിലിലെ അന്തേവാസികൾക്ക് പരോൾ നൽകിയപ്പോൾ ഇവിടുത്തെ കൃഷിപ്പണികൾ ചെയ്യിക്കാനായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും കുറച്ചു തടവുകാരെ നെട്ടുകാൽത്തേരി തുറന്ന ജയിലിലേക്ക് മാറ്റിയിരുന്നു.
ഇതിൽ ശ്രീനിവാസനും വെഞ്ഞാറമൂട് ആര്യ കൊലക്കേസിലെ പ്രതി രാജേഷും ഉണ്ടായിരുന്നു. ഇവരാണ് തടവുചാടിയത്. രാജേഷിനുവേണ്ടിയുള്ള അന്വേഷണവും പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
ജയിൽ ചാടിയ ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട ശ്രീനിവാസനെ തമിഴ്നാട്ടിലെ തിരുപ്പൂരിലെ തുണിമില്ലിൽ നിന്നുമാണ് നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തത്. നെയ്യാർ ഡാം ഇൻസ്പെക്ടർ രഞ്ചിത്ത് കുമാർ, സബ് ഇൻസ്പെക്ടർ സാജു, റൂറൽ ഷാഡോ പൊലീസിലെ എസ്.ഐ ഷിബു, എ.എസ്.ഐമാരായ സുനിലാൽ, സജു, സി.പി.ഒ നെവിൻരാജ്, സതികുമാർ, വിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |