ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബഡ്‌ജറ്റിന് മുന്നോടിയായി, പരമ്പരാഗത ആചാരമായ 'ഹൽവ സെറിമണി" ഇന്നലെ പാർലമെന്റിലെ നോർത്ത് ബ്ളോക്കിൽ ധനമന്ത്രാലയത്തിൽ നടന്നു.
ബഡ്‌ജറ്റിന്റെ അച്ചടിക്ക് തുടക്കമിടുന്ന പരമ്പരാഗത ആചാരമാണിത്. വലിയ കടായിയിൽ അലുവയുണ്ടാക്കി ധനമന്ത്രിയാണ് അത് വിതരണം ചെയ്യുക. ധനമന്ത്രി മുതൽ ബഡ്‌ജറ്ര് തയ്യാറാക്കലിന് പിന്നിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ പരിശ്രമത്തിനുള്ള നന്ദി പ്രകടമാക്കൽ കൂടിയാണിത്.
അതേസമയം, കൊവിഡ് പശ്ചാത്തലത്തിൽ ഇക്കുറി ബഡ്‌ജറ്റ് അച്ചടിക്കുന്നില്ല. പകരം, വെബ്‌സൈറ്റിലും ഇന്നലെ ധനമന്ത്രി പുറത്തിറക്കിയ യൂണിയൻ ബഡ്‌ജറ്റ് മൊബൈൽ ആപ്പിലും ബഡ്‌ജറ്റ് വിവരങ്ങൾ ലഭ്യമാക്കും. ജനുവരി 29ന് പാർലമെന്റിൽ വയ്ക്കുന്ന സാമ്പത്തിക സർവേ റിപ്പോർട്ടിനും ഡിജിറ്റൽ പതിപ്പാണ് ഉണ്ടാവുക. അച്ചടി ഒഴിവാക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്. നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്ററാണ് (എൻ.ഐ.സി) ആപ്പ് വികസിപ്പിച്ചത്.
അലുവാ സെറിമണിയോടെ നോർത്ത് ബ്ളോക്ക് 'അതീവ നിയന്ത്രണ" മേഖലയായി. ബഡ്‌ജറ്രുമായി ബന്ധമില്ലാത്തവർക്ക് ഇവിടെ പ്രവേശനമുണ്ടാവില്ല. മൊബൈൽഫോൺ കൊണ്ടുവരാൻ ധനമന്ത്രിക്കുപോലും അനുവാദമില്ല.
സെറിമണിക്ക് ശേഷം, ബഡ്‌ജറ്ര് തയ്യാറാക്കലിന് പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം നോർത്ത് ബ്ളോക്കിൽ താമസിപ്പിക്കും. മൊബൈൽഫോൺ, ഇന്റർനെറ്ര് ഒന്നും ഉപയോഗിക്കാനാവില്ല. സന്ദർശകരെ അനുവദിക്കില്ല. ബഡ്‌ജറ്ര് ചോർച്ച തടയാനാണിത്. ധനമന്ത്രി ബഡ്‌ജറ്ര് അവതരിപ്പിച്ച ശേഷമേ ഇവരെ പുറത്തുവിടൂ.
'രഹസ്യ ബഡ്‌ജറ്റ്"
അതീവ രഹസ്യ സ്വഭാവമുള്ളതാണ് ഇന്ത്യയുടെ കേന്ദ്ര ബഡ്‌ജറ്ര് തയ്യാറാക്കലിന്റെയും അവതരണത്തിന്റെയും ഓരോ ഘട്ടവും. 1950ൽ രാഷ്‌ട്രപതിഭവനിൽ അച്ചടിച്ച ബഡ്‌ജറ്ര് ചോർന്നതോടെയാണ് രഹസ്യസൂക്ഷിപ്പിൽ കടുംപിടിത്തം തുടങ്ങിയത്.
ചോർച്ചയെ തുടർന്ന്, രാഷ്‌ട്രപതി ഭവനിൽ നിന്ന് ഡൽഹി മിന്റോ റോഡിലെ സർക്കാർ പ്രസിലേക്ക് അച്ചടി മാറ്രി. 1980 മുതൽ, ധനമന്ത്രാലയം സ്ഥിതിചെയ്യുന്ന പാർലമെന്റിന്റെ നോർത്ത് ബ്ളോക്കിലാണ് അച്ചടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |