കോട്ടയം: സോളാർ പീഡനക്കേസുകൾ സിബിഐക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. സോളാർ കേസിലെ പുതിയ നീക്കം സർക്കാരിന് തിരിച്ചടിയാകുമെന്നും സർക്കാർ ഒളിച്ചുകളി നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.കേസ് സംബന്ധിച്ച ഹൈക്കോടതി വിധിയിൽ എതിർപ്പുണ്ടായിരുന്നുവെങ്കിൽ എന്തുകൊണ്ട് സർക്കാർ അപ്പീൽ പോയില്ലെന്നും അദ്ദേഹം ചോദിച്ചു.
എന്തെങ്കിലും ആക്ഷേപം അഞ്ച് വർഷമെടുത്ത് അന്വേഷിച്ചിട്ട് തെളിഞ്ഞോ എന്നും ഏത് അന്വേഷണത്തിനും താൻ തയ്യാറാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. ഇത് കേരളമാണെന്നും ഇപ്പോഴത്തെ ഈ നീക്കം സർക്കാരിന് തന്നെ വിനയായി മാറുമെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ജനങ്ങളോട് മറുപടി പറയേണ്ടിവരും. ഉമ്മൻചാണ്ടി പറഞ്ഞു.
'സർക്കാർ ജനാധിപത്യ മൂല്യങ്ങളെ ചവിട്ടി മെതിച്ചുകൊണ്ട് ആക്ഷേപങ്ങൾ പറയും. ശേഷം അതിൽ നിന്നും ഒഴിഞ്ഞുമാറും. അതുകൊണ്ട് ഈ കാര്യത്തിൽ ഒളിച്ചുകളി നിർത്തി തുറന്ന മനസോടെ മുന്നോട്ട് വരണം എന്നാണ് എനിക്ക് പറയാനുള്ളത്. നിയമപരമായ നടപടികൾക്ക് ഞങ്ങൾ എതിരല്ല. പക്ഷെ ജനങ്ങളെല്ലാം കാണുന്നതും കേൾക്കുന്നുമുണ്ട്. ഈ നടപടി സർക്കാരിന് തന്നെ തിരിച്ചടിയാകും എന്നെനിക്ക് പൂർണ വിശ്വാസമുണ്ട്.'-അദ്ദേഹം പറഞ്ഞു.
സോളാർ പീഡനക്കേസുകൾ സിബിഐയ‌്ക്ക് വിടാൻ ഇന്ന് സംസ്ഥാന സർക്കാരിന്റെ തീരുമാനം വന്നിരുന്നു. ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി അബ്‌ദുള്ളകുട്ടി, എ.പി അനിൽകുമാർ, ഹൈബി ഈഡൻ എന്നിങ്ങനെ ആറു നേതാക്കൾക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |