12 വയസുകാരി ലൈംഗികാതിക്രമം നേരിട്ട സംഭവത്തിൽ പോക്സോ വകുപ്പ് രജിസ്റ്റർ ചെയ്യാൻ കഴിയില്ല എന്ന ബോംബെ ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ വിധിയിൽ പ്രതികരിച്ച് ഡോക്ടറും ജനറൽ പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷിംന അസീസ്.
സംഭവം ബാലികാ പീഡനമായി കണക്കാക്കാത്തത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും കുഞ്ഞുങ്ങളെ നിർബന്ധിച്ച് ലൈംഗികദൃശ്യങ്ങളും മറ്റും കാണിക്കുന്നതിനെ എങ്ങനെയാണ് നിർവചിക്കുക എന്നും ഡോക്ടർ ചോദിക്കുന്നു. ഇന്ന് ദേശീയ ബാലികാദിനം ആണെന്ന് ഓർമ്മപെടുത്തിക്കൊണ്ടാണ് ഡോ.ഷിംന തന്റെ കുറിപ്പ് അവസാനിപ്പിക്കുനത്.
പന്ത്രണ്ടുകാരി ലൈംഗികാതിക്രമം നേരിട്ട സംഭവത്തിൽ പോക്സോ വകുപ്പ് രജിസ്റ്റർ ചെയ്യുന്നതിന് തൊലിയിൽ സ്പർശനമേൽക്കണമെന്ന് കോടതി പറഞ്ഞിരുന്നു.
12കാരി പെൺകുട്ടിയുടെ വസ്ത്രം മാറ്റിക്കൊണ്ട് 39കാരൻ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതെന്ന കേസിൽ സെഷൻസ് കോടതി പുറപ്പെടുവിച്ച വിധി പരിഷ്കരിക്കുകയായിരുന്നു കോടതി. എന്നാൽ ഇന്ത്യൻ ശിക്ഷാ നിയമം 354(സ്ത്രീയുടെ മാനത്തെ ഹനിക്കൽ) പ്രകാരം പീഡനത്തിന് കേസ് എടുക്കാൻ സാധിക്കുമെന്ന് കോടതി പറഞ്ഞു. ഈ വകുപ്പ് പ്രകാരം കുറ്റക്കാരന് ഒന്നരവർഷത്തെ തടവുശിക്ഷ കോടതി നൽകി.
കുറിപ്പ് ചുവടെ:
'12 വയസ്സുള്ള പെൺകുട്ടിയുടെ മാറിടം, അല്ല 'മുല' എന്ന് തന്നെ പറയണം, 39 വയസ്സുകാരൻ പിടിച്ചത് പോക്‌സോ നിയമപ്രകാരം കുറ്റകരമായി കണക്ക് കൂട്ടാനാവില്ലെന്ന് മുബൈ ഹൈക്കോടതിയുടെ നാഗ്‌പൂർ ഡിവിഷൻ ബെഞ്ച്. പുഷ്‌പ ഗനേഡിവാല എന്ന വനിത ജഡ്‌ജാണിത് വ്യക്‌തമാക്കിയത്.
വസ്‌ത്രത്തിനകത്ത് കൈയിടുകയോ മുലയിൽ നേരിട്ട് തൊടുകയോ ചെയ്യാത്തിടത്തോളം ഇത് കുറ്റകരമല്ലത്രേ ! കൗമാരക്കാരിയായ ഒരു പെൺകുട്ടിയെ അനുവാദമില്ലാതെ അവളുടെ സ്വകാര്യഭാഗത്ത് നേരിട്ടോ അല്ലാതെയോ തൊടുന്നത് കുറ്റകരമല്ലെങ്കിൽ പിന്നെന്തിനാണ് നാട്ടിൽ നിയമം?
സ്‌ത്രീശരീരത്തോട് അപമര്യാദയായി പെരുമാറി എന്ന വകുപ്പ് നിലനിൽക്കെ തന്നെ, ഇത് ബാലികാപീഡനമായി കണക്കാക്കാൻ പറ്റില്ലെന്ന് പറയുന്നത് എത്ര വലിയ അശ്ളീലമാണ് ! തൊലിയിൽ തൊലി തട്ടിയാൽ മാത്രമേ പീഡനമാകൂവെങ്കിൽ കുഞ്ഞുങ്ങളെ നിർബന്ധിച്ച് ലൈംഗികദൃശ്യങ്ങളും മറ്റും കാണിക്കുന്നതിന്റെ നിർവചനമെന്താണ്? കുഞ്ഞുങ്ങളോടുള്ള ലൈംഗികകുറ്റകൃത്യങ്ങളുടെ വിശദീകരണം എന്താണിങ്ങനെ വക്കും അരികും തേഞ്ഞിരിക്കുന്നത്?
അനുവാദമില്ലാതെ മാറിന് നേരെ നീളുന്ന കൈ തൊട്ട ഭാഗത്ത് എത്ര മണിക്കൂർ ആ അറപ്പ് കരിഞ്ഞ് പറ്റിക്കിടക്കുമെന്ന്, ആയുസ്സിലെ എത്ര വർഷങ്ങൾ അയാളുടെ വഷളൻ ചിരിയിൽ ചത്തളിഞ്ഞ് കിടക്കുമെന്ന് ആലോചിക്കാനുള്ള ബുദ്ധി നിയമത്തിന് കാണൂലായിരിക്കും. വസ്‌ത്രത്തിന് മേൽ മാത്രം തൊട്ടാൽ കുഞ്ഞ് എല്ലാം വളരെ പെട്ടെന്ന് മറക്കുമായിരിക്കും.
ഇന്ന് ദേശീയ ബാലികാദിനം കൂടിയാണത്രെ...!'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |